എന്താണ് നിങ്ങള്‍ കാണിക്കുന്നത്, ധോണി കട്ട കലിപ്പില്‍; ഗ്രൌണ്ടിലെ ദൃശ്യങ്ങള്‍ കാമറ കണ്ണുകള്‍ ഒപ്പിയെടുത്തു!
വ്യാഴം, 2 ഫെബ്രുവരി 2017 (14:39 IST)
ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മുന്നാം ട്വന്റി-20യില്‍ ജയം സ്വന്തമാക്കിയെങ്കിലും ഫീല്‍ഡിംഗില്‍ ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു. ശരാശരിയിലും താഴെയുള്ള പ്രകടനം കണ്ട് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പോലും നിരാശ തോന്നി.
ഇംഗ്ലീഷ് ഓപ്പണര്‍ ജാസണ്‍ റോയിയെയും ഇയാന്‍ മോര്‍ഗനെയും പുറത്താക്കാനുള്ള സുവര്‍ണാവസരം ഫീല്‍ഡര്‍മാര്‍ നഷ്‌ടപ്പെടുത്തിയത് ആരാധകര്‍ വേദനയോടെ നോക്കി കണ്ടപ്പോള്‍ എപ്പോഴും കൂളായി കാണുന്ന ധോണിക്ക് ദേഷ്യമുണ്ടാക്കി.
യുസ്‌വേന്ദ്ര ചാഹലിന്റെ ഓവറില്‍ ജാസണ്‍ റോയിയെ പുറത്താക്കാനുള്ള അവസരം ചാഹല്‍ നഷ്‌ടപ്പെടുത്തുകയായിരുന്നു.
ജോ റൂട്ട് അടിച്ച ഷോട്ട് കോഹ്ലി പിടിച്ചെടുത്ത് ചാഹലിന് നല്‍കി.
മൈതാനത്തിന്റെ മധ്യം വരെ നോണ്‍സ്‌ട്രൈക്ക് എന്‍ഡില്‍ ബാറ്റ് ചെയ്തിരുന്ന ജാസണ്‍ റോയ് ഓടിയെത്തിയിരുന്നു. എന്നാല്‍ കോഹ്‌ലിയില്‍ നിന്ന് ലഭിച്ച പന്ത് ധോണിക്ക് കൈമാറിയതോടെ ജാസണ്‍ റോയിയെ പുറത്താക്കാന്‍ ലഭിച്ച സൂപ്പര്‍ അവസരം ചാഹല്‍ നശിപ്പിച്ചു. പതിവ് പോലെ കോഹ്‌ലി അരിശം പ്രകടിപ്പിച്ചപ്പോള്‍ ധോണിയുടെ മുഖം വിവര്‍ണ്ണമാകുന്നത് കാമറ കണ്ണുകള്‍ ഒപ്പിയെടുത്തു.
തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന മോര്‍ഗന്‍ നല്‍കിയ ക്യാച്ച് യുവരാജ് സിംഗ് കൈപ്പിടിയിലൊതുക്കുമെന്ന് തോന്നിച്ചുവെങ്കിലും അതിനിടെയിലേക്ക് യുവതാരം റിഷഭ് പന്ത് ഓടിക്കയറുകയും ക്യാച്ച് നഷ്‌ടപ്പെടുകയും ചെയ്‌തു. അമിത് മിശ്ര ഫോര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞ് വീണതും കളിക്കളത്തില്‍ രസകരമായ കാഴ്ച്ചയായി.