വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ ചാംപ്യന്‍സ്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സിനെ 86 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ഇന്ന് രാത്രി നടക്കുന്ന ഫൈനലില്‍ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ആണ് ഇന്ത്യയുടെ എതിരാളികള്‍. സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാംപ്യന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടാനെ ഓസ്‌ട്രേലിയ ചാംപ്യന്‍സിന് സാധിച്ചുള്ളൂ.
ഇന്ത്യക്കു വേണ്ടി ഓപ്പണര്‍ റോബിന്‍ ഉത്തപ്പ, നായകന്‍ യുവരാജ് സിങ്, ഓള്‍റൗണ്ടര്‍മാരായ യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവരും അര്‍ധ സെഞ്ചുറി നേടി. ഉത്തപ്പ 35 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 65 റണ്‍സും യുവരാജ് സിങ് 28 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 59 റണ്‍സും നേടി. യൂസഫ് പത്താന്‍ 23 പന്തില്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഇര്‍ഫാന്‍ പത്താന്‍ വെറും 19 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം 50 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ 32 പന്തില്‍ 40 റണ്‍സ് നേടിയ ടിം പെയ്ന്‍ ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നഥാന്‍ കോള്‍ട്ടര്‍ നൈല്‍ 13 പന്തില്‍ 30 റണ്‍സെടുത്തു. ഇന്ത്യക്കായി ധവാല്‍ കുല്‍ക്കര്‍ണി, പവന്‍ നേഗി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. രാഹുല്‍ ശുക്ല, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.