ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് നാളെ, ഈഡനിൽ പിറക്കാനിരിക്കുന്നത് പുതിയ ചരിത്രം

അഭിറാം മനോഹർ

വ്യാഴം, 21 നവം‌ബര്‍ 2019 (10:19 IST)
ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ലോകരാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ ഇതുവരെയും പങ്കെടുത്തിരുന്നില്ല. വെള്ളിയാഴ്ച ഈഡനിൽ ബംഗ്ലാദേശിനെതിരെ പിങ്ക് ബോളിൽ മത്സരിക്കാനിറങ്ങുമ്പോൾ ഇന്ത്യ തിരുത്താനൊരുങ്ങുന്നതും ഈ ചരിത്രമാണ്. 
 
മറ്റ് ലോക രാജ്യങ്ങൾ എല്ലാവരും തന്നെ പിങ്ക് പന്തുകൾ ഉപയോഗിച്ച് മത്സരിക്കാൻ തുടങ്ങിയിട്ടും പുതിയ മാറ്റത്തിൽ ഇന്ത്യ ഇതുവരെയും വിട്ടുനിൽക്കുകയായിരുന്നു. ടെസ്റ്റ് മത്സരങ്ങളിൽ ജനപങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങിയ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങൾക്ക് സൗരവ് ഗാംഗുലി ബി സി സി ഐ പ്രസിഡന്റ് ആയി വന്നതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്.
 
രാത്രിയിലും പകലിലുമായി മത്സരങ്ങൾ നടക്കുന്നു എന്ന് മാത്രമല്ല ഉപയോഗിക്കുന്ന പന്ത് മുതൽ പല വ്യത്യസങ്ങളും ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങൾക്കുണ്ട്.
 
ഏകദിന മത്സരങ്ങളിൽ വെളുത്ത പന്തുകളും ടെസ്റ്റ് മത്സരങ്ങൾക്ക് ചുവപ്പ് പന്തുകളും ഉപയോഗിക്കുമ്പോൾ പിങ്ക് പന്തുകളാണ് ഡേ-നൈറ്റ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്. രാത്രി ടെസ്റ്റ് മത്സരങ്ങൾക്ക് ചുവന്ന പന്തുകളേക്കാൾ കാഴ്ചക്ഷമത പിങ്ക് പന്തുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കും എന്നതാണ് ഇതിന് കാരണം.  ചുവന്ന പന്തിലെ തുന്നലുകൾ വെള്ള നിറത്തിലാണെങ്കിൽ പിങ്ക് പന്തിൽ കറുത്ത തുന്നലുകളാണുള്ളത്.
 
ചുവന്ന പന്തുകൾ ഫ്‌ളഡ് ലൈറ്റിൽ ബ്രൗൺ ആയി കാണുന്നതും പ്രശ്നം സ്രുഷ്ട്ടിക്കും. വെളുത്ത പന്തുകൾ പെട്ടെന്ന് മ്രുദുവാകുന്നതിനാൽ ടെസ്റ്റ് മത്സരങ്ങളിൽ അവ ഉപയോഗിക്കാൻ പറ്റില്ല എന്ന പ്രശ്നവുമുണ്ട്. ഇതാണ് ഡേ-നൈറ്റ് ടെസ്റ്റുകൾക്ക് പിങ്ക് നിറത്തിലുള്ള പന്തുകൾ തിരഞ്ഞെടുക്കാൻ കാരണം.
 
ഉച്ചക്ക് 1മണി മുതൽ രാത്രി 8 വരെയാണ് ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ മത്സരം നടക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍