ആദ്യ ദിനം വാര്‍ണര്‍ 'ഡെ' - ഓസീസ് 354/6

ചൊവ്വ, 9 ഡിസം‌ബര്‍ 2014 (14:56 IST)
ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെന്ന മികച്ച നിലയില്‍. ഇന്ത്യന്‍ ബോളര്‍മാരെ കണക്കിന് ശിക്ഷിച്ച ഡേവിഡ് വാര്‍ണറിന്റെ (145) സെഞ്ചുറിയായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകത. ഒന്നാം ദിനം കളി നിര്‍ത്തുംബോള്‍ 72 റണ്‍സുമായി സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്.

ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഓപ്പണര്‍ തുടങ്ങിയത്. സ്കോര്‍ 50തില്‍ നില്‍ക്കെയാണ് റോജേഴ്സ് (9) കുടാരം കയറിയത്. വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ വാട്ട്‌സണ് പതിനാല് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അതേസമയം മറുവശത്ത് തന്റെ പതിവ് രീതിയായ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ വാര്‍ണര്‍ ഇന്ത്യന്‍ ബോളര്‍മാരെ നിലം പരിശാക്കുകയായിരുന്നു. അദ്ദേഹത്തിന് പിന്തുണയുമായി മൈക്കല്‍ ക്ലാര്‍ക്ക് (60) ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്കോര്‍‌ബോര്‍ഡ് വേഗത്തില്‍ ചലിക്കുകയായിരുന്നു.

ഇന്ത്യന്‍ ബോളര്‍മാരെ കണക്കിനു പ്രഹരിച്ച വാര്‍ണര്‍ 163 പന്തില്‍ 145 റണ്‍സെടുത്താണ് പുറത്തായത്. ഇതിനിടെയില്‍ പേശിവലിവ് മൂലം ക്ലാര്‍ക്ക് ഡ്രസിങ് റൂമിലേക്ക് മടങ്ങി. തുടര്‍ന്നെത്തിയെ മിച്ചല്‍ മാര്‍ഷ് 41 റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷാമിയും വരുണ്‍ ആരോണും രണ്ടു വിക്കറ്റ് വീതം നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക