ജോണ്‍സനും സ്മിത്തും ഇന്ത്യയെ അടിച്ചു പരത്തി: ഓസീസിന് ലീഡ്

Webdunia
വെള്ളി, 19 ഡിസം‌ബര്‍ 2014 (10:16 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്ക് ലീഡ്. രണ്ടാം  ദിനം ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ മൂന്നാം ദിവസം ക്യാപ്റ്റ്ന്‍ സ്റ്റീവ് സ്മിത്ത് (133) പൊരുതി നേടിയ സെഞ്ചുറിയായിരുന്നു ഓസീസിന് ലീഡ് സമ്മാനിച്ചത്. അവസാന വിവരം ലഭിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 466 എന്ന നിലയിലാണ് ഓസീസ്. മിച്ചല്‍ സ്‌റ്റാര്‍ക്കും (40*) ജോഷുമാണ് (5*) ക്രീസില്‍. 58 റണ്‍സിന്റെ ലീഡാണ് അവര്‍ക്ക് ഉള്ളത്.

മൂന്നാം ദിനം സ്മിത്തിന് പിന്തുണയുമായി വാലറ്റത്ത് മിച്ചല്‍ ജോണ്‍സണ്‍ (88) നിലയുറപ്പിച്ചതോടെ കംങ്കാരുക്കള്‍ ലീഡ് നേടുകയായിരുന്നു. 93 പന്തുകളില്‍ 88 റണ്‍സ് നേടിയ ജോണ്‍സനായിരുന്നു ഇന്ത്യന്‍ ബൌളര്‍മാരെ കശാപ്പ് ചെയ്തത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 221 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസീസിന് കരുത്തായത് സ്റ്റീവ് സ്മിത്തിന്റെ പ്രകടനം തന്നെയായിരുന്നു. മിച്ചല്‍ മാര്‍ഷ് (11) തുടക്കത്തില്‍ തന്നെ പുറത്താകുകയും. പകരമെത്തിയ ഹാഡിനും (6) രാവിലെ തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ ഇന്ത്യ ലീഡ് നേടുമെന്ന് തോന്നിച്ചു.

എന്നാല്‍ പിന്നീടായിരുന്നു കളിയില്‍ പിടിമുറുക്കിയ കൂട്ട്ക്കെട്ട് ഉണ്ടായത്. ക്രീസിലെത്തിയ മിച്ചല്‍ ജോണ്‍സണ്‍ സ്മിത്തിന് പിന്തുണയുമായി നിലയുറപ്പിച്ചതോടെ കളി ഇന്ത്യയുടെ കൈ വിട്ട് പോകുകയായിരുന്നു. ഇതിനിടെയില്‍ സ്മിത്ത് സെഞ്ചുറിയും നേടി. മറുവശത്ത് ജോണ്‍സണ്‍ സെഞ്ചുറിക്ക് 12 റണ്‍സ് അകലെവെച്ച് പുറത്താകുക കൂടി ചെയ്തു. ഇരുവരും പുറത്തായ ശേഷം മിച്ചല്‍ സ്‌റ്റാര്‍ക്കും (38*) ലിയോണും (23) ചേര്‍ന്ന് ഓസീസിന് ലീഡ് സമ്മാനിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.