മാക്‍സ്‌വെല്‍ സൂപ്പറാണ്, ‘മിറാഷ് 2000’ പോലെ; എന്തൊരു അടിയാണ് അടിച്ചത് - ചിന്നസ്വാമി വിറച്ചു പോയി!

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (14:01 IST)
ഒരു ക്രിക്കറ്റ് പ്രേമിയും തള്ളിപ്പറയില്ല ഗ്ലെന്‍ മാക്‍സ്‌വെല്ലിന്റെ ഈ ഇന്നിംഗ്‌സിനെ. ട്വന്റി-20 ക്രിക്കറ്റിന്റെ സൌന്ദര്യം ആവാഹിച്ചെടുത്ത പ്രകടനമായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 55 പന്തില്‍ ഒമ്പത് സിക്‍സറുകളുടെയും ഏഴ് ഫോറുകളുടെയും അകമ്പടിയോടെ അടിച്ചു കൂട്ടിയത് 113 റണ്‍സ്.

28 പന്തില്‍ അര്‍ധസെഞ്ചുറി കടന്ന ഓസീസ് താരം 50 ബോളില്‍ 100 കടന്നു. ഈ ഘട്ടത്തില്‍ സ്‌ട്രൈക്ക് റേറ്റ് 200ന് മുകളിലായിരുന്നു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ബാറ്റിംഗ് ദുഷ്‌കരമാകുമെന്ന പ്രവചനമുണ്ടായിരുന്ന ബംഗലൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബാറ്റിംഗ് സ്‌ഫോടനം നടത്തിയ മാക്‍സ്‌വെല്ലിനെ ഇത്തവണ ഇന്ത്യന്‍ ആരാധകര്‍ കൈവിട്ടില്ല.

സെഞ്ചുറി തിളക്കത്തില്‍ ഹെല്‍‌മറ്റ് ഊരിയ താരത്തെ നിറഞ്ഞ കയ്യടിയോടെയാണ് കാണികള്‍ പിന്തുണച്ചത്. എഴുന്നേറ്റ് നിന്ന് കയ്യടിച്ചവരും കുറവല്ല. ക്രിക്കറ്റിലെ സ്‌നേഹിക്കുന്ന ഒരു വ്യക്തിക്കും ഇങ്ങനെയുള്ള നിമിഷങ്ങളെ തള്ളിപ്പറയാല്‍ കഴിയില്ലെന്ന് ബംഗലൂരു  കാണിച്ചു കൊടുത്തു.

ഭേദപ്പെട്ട പ്രകടനം നടത്തിയ ഓസീസ് ബാറ്റ്‌സ്‌മാന്മാര്‍ പോലും ഇങ്ങനെയൊരു പ്രകടനം പ്രതീക്ഷിച്ചില്ല. മാക്‍സ്‌വെല്‍ കത്തിക്കയറിയതോടെ 190 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കുമെന്ന് സന്ദര്‍ശകര്‍ ഉറപ്പിച്ചു. ഈ പ്രതീകള്‍ ഒരു ഘട്ടത്തിലും പാളിയുമില്ല. രണ്ട് പന്ത് ബാക്കിവച്ച്  ഓസീസ്  മാക്‍സ്‌വെല്‍ തന്നെ വിജയറണ്‍ കുറിച്ചു.

മാക്‍സ്‌വെല്ലിന്റെ ഈ പ്രകടനം ഇന്ത്യക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. നീണ്ട 11 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ കങ്കാരുക്കള്‍ക്ക് എതിരെ ട്വന്റി-20 പരമ്പര നഷ്‌ടപ്പെടുത്തുന്നത്. വ്യക്തിപരമായ നേട്ടങ്ങളും ഇതിനു പിന്നാലെ താരത്തെ തേടിയെത്തി.

ഇന്ത്യൻ മണ്ണിൽ ഇന്ത്യക്കെതിരെ ട്വന്റി-20 സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരവുമാണ് മാക്‍സ്‌വെല്‍.  2017ൽ രാജ്കോട്ടിൽ ന്യൂസീലൻഡ് താരം കോളിൻ മൺറോയാണ് (109*) ഇന്ത്യക്കെതിരെ ഇന്ത്യയിൽ ആദ്യ ട്വന്റി-20 സെഞ്ചുറി നേടിയത്. അതേസമയം, ഇന്ത്യക്കെതിരെ ഇന്ത്യയിൽ ഒരു വിദേശതാരം നേടുന്ന ഉയർന്ന ട്വന്റി-20 സ്‌കോറാണ് മാക്‍സ്‌വെല്‍ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article