‘യുദ്ധം ആരംഭിച്ചാല്‍ അവസാനിപ്പിക്കാനാകില്ല’; ഇന്ത്യ - പാകിസ്ഥാന്‍ ചര്‍ച്ച അനിവാര്യമെന്ന് മലാല

വ്യാഴം, 28 ഫെബ്രുവരി 2019 (10:45 IST)
ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി.  ട്വിറ്ററിലൂടെയാണ് മലാല തന്റെ അഭിപ്രായം അറിയിച്ചത്. #say no to war എന്ന ഹാഷ് ടാഗ് നല്‍കിയായിരുന്നു ട്വീറ്റ്.

ഇത്തരം ദുഷകരമായ സന്ദർഭങ്ങളിൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ച് ശരിയായ നേതൃപാടവം തെളിയിക്കണമെന്ന് ഇരു രാജ്യ തലവന്മാരോടും മലാല ആവശ്യപ്പെട്ടു. അതിർത്തിക്കപ്പുറവും, ഇപ്പുറവുമുള്ള ജനങ്ങളുടെ ജീവിതത്തെക്കുറിച്ച് തനിക്കു ഉൽകണ്ഠയുണ്ടെന്നും മലാല കുറിച്ചു.

മലാലയുടെ ട്വീറ്റിന്റെ പൂർണ്ണ രൂപം

"യുദ്ധക്കെടുതികളെക്കുറിച്ച് ബോധ്യമുളള ആരും യുദ്ധം വേണമെന്ന ആവശ്യം മുന്നോട്ടുവയ്‌ക്കില്ല. ആരംഭിച്ചു കഴിഞ്ഞാൽ പിന്നീട് അവസാനമില്ലാതെയത് തുടർന്നുകൊണ്ടിരിക്കും. ലോകത്ത് നിലവിലുളള യുദ്ധം കൊണ്ടു തന്നെ ലക്ഷക്കണക്കിനാളുകളാണ് ദുരിതമനുഭവിക്കുന്നത്. അതുകൊണ്ട് നമുക്കിനിയൊരു യുദ്ധം വേണ്ട. ഒട്ടേറെപ്പേരുടെ ജീവനും സ്വത്തും നഷ്ട്ടപ്പെടുന്നത് തടയായാനായി ഇന്ത്യ-പാക് ചർച്ചയെ പിന്തുണയ്ക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെടുന്നു".

ഇന്ത്യയുമായി ചർച്ചയ്ക്കു തയ്യാറാണെന്നും വിവേകം പുലരേണ്ട സമയമാണിതെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബുധനാഴ്ച രാജ്യത്തെ അതിസംബോധന ചെയ്‌ത് പറഞ്ഞിരുന്നു. ഇന്ത്യയുടെ രണ്ട് മിഗ് വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍