പെര്‍ത്തില്‍ രോഹിത്തല്ല താരം, സ്‌മിത്താണ് താരം- ഓസീസിന് തകര്‍പ്പന്‍ ജയം

Webdunia
ചൊവ്വ, 12 ജനുവരി 2016 (16:29 IST)
രോഹിത് ശര്‍മ്മയുടെ വെടിക്കെട്ടിന് പകരമായി സ്‌റ്റീവ് സ്‌മിത്തും ജോര്‍ജ് ബെയ്‌ലിയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് അഞ്ച് വിക്കറ്റ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 310 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 49.2 ഓവറില്‍  ഓസീസ് മറികടന്നു. നാലാം വിക്കറ്റില്‍ ബെയ്‌ലിയും (112) സ്‌മിത്തും (149) ചേര്‍ന്നു പടുത്തുയര്‍ത്തിയ 242 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് കങ്കാരുക്കള്‍ക്ക് ജയം സമ്മാനിച്ചത്.

 310 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍ എട്ടു റണ്‍സുമായി ആരോണ്‍ ഫിഞ്ച് കൂടാരം കയറിയതിന് പിന്നാലെ അഞ്ചാം ഓവറില്‍ ഡേവിഡ് വാര്‍ണറും (5) പുറത്തായതോടെ സമ്മര്‍ദ്ദത്തിലായ ഓസീസിനായ ക്രീസില്‍ ഒത്തുച്ചേര്‍ന്ന ബെയ്‌ലിയും സ്‌മിത്തും ഇന്ത്യന്‍ ബോളര്‍മാരെ തല്ലിയൊതുക്കുകയായിരുന്നു. 42മത് ഓവറില്‍ ബെയ്‌ലി പുറത്തായതിന് പിന്നാലെ 44മത് ഓവറില്‍ ഗ്ലാന്‍ മാക്‍സ്‌വെല്ലും കൂടാരം കയറിയെങ്കിലും മിച്ചല്‍ മാര്‍ഷും(12*) സ്‌മിത്തും ഓസീസിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ജയത്തിന് രണ്ട് റണ്‍ അകലെവെച്ച് ഓസീസ് നായകന്‍ പുറത്തായെങ്കിലും ഫോക്‍നറും (1*) മാര്‍ഷും ചേര്‍ന്ന് ജയം സമ്മാനിക്കുകയായിരുന്നു.  

രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയന്‍ ബോളര്‍‌മാരെ തരിപ്പണമാക്കിയ രോഹിത് (171*) റണ്‍സാണ് അടിച്ചു കൂട്ടിയത്. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലി (91) രോഹിത് സഖ്യം 207 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 163 പന്തില്‍ നിന്ന് പതിമൂന്ന് ഫോറും ഏഴ് സിക്‍സറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്. 1979ൽ വിവ് റിച്ചാർഡ്സ് നേടിയ 159 റൺസ് എന്ന റെക്കോർഡാണ് 37 വർഷങ്ങൾക്കു ശേഷം രോഹിത് മറികടന്നത്.