വീണ്ടും കോ‌ഹ്‌ലി മാജിക്: ഇന്ത്യ തിരിച്ചടിക്കുന്നു- 342/5

വ്യാഴം, 8 ജനുവരി 2015 (12:58 IST)
ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി അവസാനിക്കുബോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ട്ത്തില്‍ 342 റണ്‍സെന്ന നിലയിലാണ്. വിരാട് കോ‌ഹ്‌ലി (140*) വൃദ്ധിമാന്‍ സാഹ (14*) എന്നിവരാണ് ക്രീസില്‍.

ഓസീസ് ഉയര്‍ത്തിയ 572 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ യുവതാരം ലോകേഷ് രാഹുലിന്റെ (110) സെഞ്ചുറിയുടെ കരുത്തിലാണ് മുന്നേറിയത്. മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ക്രീസില്‍ നിലയുറപ്പിക്കാനായിരുന്നു രോഹിത് ശര്‍മ്മയുടെയും (53) രാഹുലിന്റെയും ശ്രമം. ഇതിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ കന്നി അര്‍ധ സെഞ്ചുറി കുറിക്കാനും രാഹുലിന് കഴിഞ്ഞു. 97 റണ്‍സിന്റെ കൂട്ടുക്കൊട്ട് ഉണ്ടാക്കിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്. നാഥന്‍ ലിയോണിന് വിക്കറ്റ് സമ്മാനിച്ചാണ് രോഹിത് ശര്‍മ്മ കൂടാരം കയറിയത്.

ക്രീസില്‍ രാഹുലിന് കൂട്ടായി കോഹ്‌ലി എത്തിയതോടെ ഇന്ത്യ പതിയെ താളം കണ്ടെത്തുകയായിരുന്നു. മോശം പന്തുകളെ മാത്രം അതിര് കടത്തിയ കോഹ്‌ലി ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ രാഹുല്‍ ആദ്യ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ മിച്ചല്‍ സ്‌റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ച് രാഹുല്‍ മടങ്ങുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് 141 റണ്‍സിന്റെ കൂട്ടുക്കെട്ടാണ്‍ ഉണ്ടാക്കിയത്.

രാഹുലിന് ശേഷം ക്രീസില്‍ എത്തിയ രഹാന (13) വാട്ട്സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ത്തിയെങ്കിലും ടെസ്‌റ്റിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്‌ന (0) പ്രതീക്ഷ തെറ്റിക്കുകയായിരുന്നു. വാട്ട്സണ് തന്നെയായിരുന്നു വിക്കറ്റ്. കളി തീരാന്‍ മിറ്റിറ്റുകള്‍ ബാക്കി നില്‍ക്കെ അപ്രതീക്ഷമായി തിരിച്ചടി നേരിട്ടെങ്കിലും സാഹ കോ‌ഹ്‌ലിക്ക് പിന്തുണ നല്‍കി ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു.  


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക