ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വിൻഡീസ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര 3-0ന് പരാജയപ്പെട്ടതിനാൽ ടി20 പരമ്പരയിൽ അതിന് പകരം വീട്ടേണ്ടത് വിൻഡീസിൻ്റെ അഭിമാനപ്രശ്നമാണ്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ടീമിൽ നിന്നും പുറത്തായിരുന്നു ഷിമ്രോൺ ഹെറ്റ്മെയർ ടീമിൽ തിരിച്ചെത്തുന്നതാണ് വിൻഡീസ് നിരയിലെ പ്രധാനമാറ്റം.
കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാനായി ഫിനിൻഷിങ് റോളിൽ തിളങ്ങാൻ ഹെറ്റ്മെയർക്ക് സാധിച്ചിരുന്നു. നിക്കോളാസ് പുറാൻ,റോവ്മാൻ പവാൽ എന്നിവർക്കൊപ്പം ഹെറ്റ്മെയർ കൂടി ചേരുന്നത് വിൻഡീസിനെ അപകടകാരികളാക്കും. ജേസൺ ഹോൾഡർ,അൽസാരി ജോസഫ്,ഒബെയ് മക്കോയ്, ഒഡീൻ സ്മിത്ത് തുടങ്ങി പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നാശം വിതയ്ക്കാനാകുന്ന താരങ്ങളാണ് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുന്നത്.
മറുഭാഗത്ത് രോഹിത് ശർമയുടെ നേതൃത്വത്തിൽ മികച്ച ഫോമിലാണ് ഇന്ത്യൻ നിര. ഇഷാൻ കിഷൻ,സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം മികച്ച ഫോമിലുള്ള ദീപക് ഹൂഡയും ഹാർദ്ദിക് പാണ്ഡ്യയും ഇന്ത്യയെ മികച്ച സംഘമാക്കുന്നു. ബൗളിങ്ങിൽ ആർഷദീപും ഭുവനേശ്വർ കുമാറും റൺസ് വിട്ടുകൊടുക്കാൻ കാണിക്കുന്ന വൈമുഖ്യം മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായേക്കും.