ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ 78 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ മത്സരത്തിലേറ്റ അപമാനത്തിനേറ്റ കണക്ക് തീർക്കാൻ ഇറങ്ങിയ ഇംഗ്ലണ്ട് സ്റ്റാർ പേസർ ജെയിംസ് ആൻഡേഴ്‌സൺ രണ്ടക്കം കടക്കുന്നതിന് മുൻപ് ഇന്ത്യയുടെ മുൻനിര താരങ്ങളായ വിരാട് കോലി,കെഎൽ രാഹുൽ, ചേതേശ്വർ പൂജാര എന്നിവരെ കൂടാരം കയറ്റി.
എന്നാൽ വിക്കറ്റുകൾ വീഴുമ്പോഴും ഒരറ്റത്ത് രോഹിത് ശർമ ഉറച്ച് നിന്നു. അഞ്ചാമതായി ഇറങ്ങിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം രോഹിത് രക്ഷാപ്രവർത്തനം നടത്തുമെന്ന് സൂചന നൽകിയെങ്കിലും അലസമായ ഷോട്ടിൽ തന്റെ വിക്കറ്റ് ദാനം ചെയ്‌ത് രോഹിത് മടങ്ങി. 65ന് 5 എന്ന നിലയിൽ നിന്നും രോഹിത്തിന്റെ വിക്കറ്റ് നഷ്ടപ്പെടുന്നതോടെ ഇന്ത്യ 67 റൺസിന് 6 വിക്കറ്റ് എന്ന നിലയിലായി. ഒലീ റോബിൻസണിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്. 105 പന്തിൽ നിന്നും 19 റൺസാണ് രോഹിത് നേടിയത്.