കേറി ചൊറിഞ്ഞു, അണ്ണൻ കേറി മാന്തി: ലീഡ്‌സിൽ ആൻഡേഴ്‌സൺ ഷോ

ബുധന്‍, 25 ഓഗസ്റ്റ് 2021 (16:39 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. കളി തുടങ്ങി അഞ്ച് ഓവറിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകളാണ് നഷ്ടമായത്. റൺസൊന്നുമെടുക്കാതെ ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലും ഒരു റൺസുമായി ചേതേശ്വർ പൂജാരയുമാണ് പുറത്തായത്.
 
കഴിഞ്ഞ മത്സരത്തിന്റെ ബാക്കിയെന്ന പോലെ തകർത്തടിച്ച സ്റ്റാർ പേസർ ജെയിംസ് ആൻഡേഴ്‌സണാണ് ഇന്ത്യൻ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. ലോർഡ്‌സിൽ തനിക്കേറ്റ അപമാനത്തിന് പകരം വീട്ടാനെന്ന പോലെയായിരുന്നു ആൻഡേഴ്‌സണിന്റെ ഓപ്പണിങ് സ്പെൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 30 റൺസിന് 3 വിക്കറ്റ് എന്ന നിലയിലാണ്. ആൻഡേഴ്‌സണിനാണ് മൂന്ന് വിക്കറ്റുകളും.
 
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കോലിയുടെ തീരുമാനം അക്ഷരാർത്ഥത്തിൽ പിഴയ്ക്കുന്നതാണ് ലീഡ്‌സിൽ കാണാനായത്. ആദ്യ വിക്കറ്റിന് പിന്നാലെ ടീമിന്റെ വൻമതിൽ എന്ന് വിശേഷിക്കപ്പെടുന്ന ചേതേശ്വർ പൂജാരയും പുറത്തായതോടെ ഇന്ത്യ അപകടം മണത്തിരുന്നു. ഫോമില്ലാതെ ഉഴറുന്ന ഇന്ത്യൻ നായകനെ കൂടി ആൻഡേഴ്‌സൺ പവലിയനിലേക്ക് അയച്ചതോടെ ടീം പ്രതിസന്ധിയിലായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍