ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ സന്തുലിതമായ ടീം എന്താണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു. ബാറ്റ്‌സ്മാന്‍മാരെല്ലാം സൂപ്പറായി ബാറ്റ് ചെയ്തു. ബൌളര്‍മാരെല്ലാവരും കിടിലന്‍ പെര്‍ഫോമന്‍സ്. ഫീല്‍ഡിംഗ് ഉജ്ജ്വലം. അങ്ങനെ കൂട്ടായ്മയുടെ കളിമികവാണ് രണ്ട് ടെസ്റ്റും വിജയിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തായത്.
രണ്ടിന്നിംഗ്സുകളിലുമായി വീണ 20 വിക്കറ്റുകളില്‍ 10 വിക്കറ്റ് പേസ് ബൌളര്‍മാരും 10 വിക്കറ്റ് സ്പിന്‍ ബൌളര്‍മാരും പങ്കുവച്ചു. സ്പിന്‍ രാജാവ് രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പേസര്‍ ഉമേഷ് യാദവും ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജ നാലുവിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി മൂന്നു വിക്കറ്റും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റും നേടി.
ഇഷാന്ത് ശര്‍മ തന്‍റെ പഴയ ഫോമിലേക്ക് ഒന്ന് തിരിച്ചെത്തിയിരുന്നെങ്കിലോ? അതുപോകട്ടെ, ജസ്‌പ്രീത് ബൂമ്ര കൂടി ടീമിലേക്ക് മടങ്ങിവന്നാലോ? എന്തായിരിക്കും എതിര്‍ ടീമുകളുടെ അവസ്ഥ? ഇത്തവണ ചെറുത്ത് നില്‍ക്കാന്‍ ധൈര്യം കാണിച്ച ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ ബാറ്റ്‌സ്മാന്മാരൊക്കെ ബൂമ്ര ഉണ്ടായിരുന്നെങ്കില്‍ നിമിഷങ്ങള്‍ക്കകം കൂടാരം കയറിയേനേ. യഥാര്‍ത്ഥത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ തങ്ങളാണെന്ന് ഉറക്കെപ്പറയുന്ന പ്രകടനമാണ് ഇപ്പോള്‍ ടീം ഇന്ത്യ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.