ഐസിസിയുടെ പുതിയ നിയമമില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ജയിച്ചേനെ ! ഏഷ്യാ കപ്പില്‍ സംഭവിച്ചത്

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (15:32 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ ഐസിസി നടപ്പിലാക്കിയ പുതിയ നിയമം ഇല്ലായിരുന്നെങ്കില്‍ ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നെന്ന് ആരാധകര്‍. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് അവസാന മൂന്ന് ഓവറില്‍ പാക്കിസ്ഥാന് 30 വാര സര്‍ക്കിളിനുള്ളില്‍ അഞ്ച് ഫീല്‍ഡര്‍മാരെ നിര്‍ബന്ധമായും വിന്യസിക്കേണ്ട അവസ്ഥ വന്നു. ബൗണ്ടറി ലൈനില്‍ ഒരു ഫീല്‍ഡറെ അധികം ഇടാനുള്ള സാധ്യതയാണ് പാക്കിസ്ഥാന് നഷ്ടമായത്. ഒരുപക്ഷേ ബൗണ്ടറി ലൈനില്‍ ഫീല്‍ഡര്‍മാര്‍ അധികമുണ്ടായിരുന്നെങ്കില്‍ അവസാന മൂന്ന് ഓവറില്‍ ഇന്ത്യയെ കൂടുതല്‍ വെള്ളം കുടിപ്പിക്കാന്‍ പാക്കിസ്ഥാന് കഴിയുമായിരുന്നു. 
 
ഐസിസിയുടെ പുതിയ ചട്ടമനുസരിച്ച് നിശ്ചിത സമയത്ത് 20-ാം ഓവര്‍ തുടങ്ങിയില്ലെങ്കില്‍ പിന്നീടുള്ള ഓവറുകള്‍/പന്തുകള്‍ 30 വാര സര്‍ക്കിളിനുള്ളില്‍ അഞ്ച് ഫീല്‍ഡര്‍മാരെ നിര്‍ബന്ധമായും നിര്‍ത്തിയിട്ട് വേണം എറിയാന്‍. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19 ഓവര്‍ പൂര്‍ത്തിയാകേണ്ട സമയത്ത് 17 ഓവര്‍ തീര്‍ക്കാനേ പാക്കിസ്ഥാന് കഴിഞ്ഞുള്ളൂ. ഇതേ തുടര്‍ന്നാണ് ശേഷിക്കുന്ന മൂന്ന് ഓവറില്‍ 30 വാര സര്‍ക്കിളിനുള്ളിലേക്ക് അഞ്ച് ഫീല്‍ഡര്‍മാരെ വിന്യസിക്കേണ്ടിവന്നത്. 17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 18 പന്തില്‍ 32 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഹാരിസ് റൗഫ് എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് ഫോര്‍ സഹിതം 14 റണ്‍സ് പിറക്കുകയും ചെയ്തു. ഒടുവില്‍ രണ്ട് പന്ത് ശേഷിക്കെയാണ് ഇന്ത്യ വിജയത്തിലെത്തിയത്. 
 
ഇതേ ശിക്ഷ തന്നെ ഇന്ത്യക്കും ലഭിച്ചിട്ടുണ്ട്. ഇന്ത്യക്ക് രണ്ട് ഓവറിലാണ് 30 വാര സര്‍ക്കിളില്‍ അഞ്ച് ഫീല്‍ഡര്‍മാരെ നിര്‍ത്തേണ്ടിവന്നത്. 20-ാം ഓവര്‍ തുടങ്ങേണ്ട സമയത്ത് ഇന്ത്യയുടെ 18 ഓവര്‍ പൂര്‍ത്തിയായിട്ടേ ഉണ്ടായിരുന്നുള്ളൂ. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ഇന്ത്യയും ഐസിസിയുടെ ശിക്ഷ നേരിട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article