2010ൽ രാഹുൽ ദ്രാവിഡിൻ്റെ പകരക്കാരനായെത്തിയ താരം പെട്ടെന്നാണ് രണ്ടാം വൻമതിൽ എന്ന വിശേഷണം സ്വന്തമാക്കിയത്. പുജാരയുടെ പ്രതിരോധക്കോട്ട തകർക്കാനാവാതെ പല തവണ എതിരാളികൾ തലക്കുനിച്ചു എന്നത് ടെസ്റ്റ് ഫോർമാറ്റിലെ പുജാരയുടെ മികവിന് തെളിവാണ്. ഇന്ന് നൂറാം ടെസ്റ്റ് മത്സരത്തിന് പുജാര കളത്തിലിറങ്ങുമ്പോൾ മൂന്ന് റെക്കോർഡുകളാണ് താരത്തെ കാത്തിരിക്കുന്നത്.
ടെസ്റ്റിൽ ഓസീസിനെതിരെ എല്ലായ്പ്പോഴും മികച്ച ഫോമിൽ കളിക്കുന്ന പുജാരയ്ക്ക് രണ്ടാം ടെസ്റ്റിൽ രണ്ടിന്നിങ്ങ്സിലുമായി 100 റൺസ് നേടാനായാൽ ഓസീസിനെതിരെ മാത്രം 2000 ടെസ്റ്റ് റൺസ് എന്ന നേട്ടം സ്വന്തമാക്കാനാകും. സച്ചിൻ ടെൻഡുൽക്കർ, വിവിഎസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ബാറ്റർമാർ.
കൂടാതെ നൂറാം ടെസ്റ്റിൽ സെഞ്ചുറി സ്വന്തമാക്കാൻ സാധിക്കുകയാണെങ്കിൽ നൂറാം ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും പുജാരയ്ക്ക് സ്വന്തമാകും. നൂറാം ടെസ്റ്റ് മത്സരത്തിൽ വിവിഎസ് ലക്ഷ്മൺ നേടിയ 64 റൺസാണ് നൂറാം ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഉയർന്ന സ്കോർ. ഈ റെക്കോർഡ് തകർക്കാനും രണ്ടാം ടെസ്റ്റിൽ പുജാരയ്ക്ക് മുന്നിൽ അവസരമുണ്ട്.