ടി20യില്‍ പറയാന്‍ മാത്രം നേട്ടമൊന്നുമില്ല, പക്ഷേ.. പന്തിന്റെ സന്നാഹമത്സരത്തിലെ പ്രകടനത്തെ പുകഴ്ത്തി സഞ്ജയ് മഞ്ജരേക്കര്‍

അഭിറാം മനോഹർ

ഞായര്‍, 2 ജൂണ്‍ 2024 (17:18 IST)
ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് സന്നാഹമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് താരം റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 32 പന്തില്‍ നിന്നും 53 റണ്‍സുമായി പന്ത് തിളങ്ങിയിരുന്നു. മത്സരത്തില്‍ ഇന്ത്യയെ 182 റണ്‍സിലേക്കെത്തിച്ചത് പന്തിന്റെ മിന്നുന്ന പ്രകടനമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ 122 റണ്‍സിന് പുറത്താക്കാനായതോടെ മത്സരത്തില്‍ 60 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
 
മത്സരത്തിന്റെ സാഹചര്യം മനസിലാക്കി തന്റെ ഗെയിം മാറ്റാനുള്ള പന്തിന്റെ കഴിവ് പ്രശംസനീയമാണെന്നാണ്  മഞ്ജരേക്കര്‍ പറയുന്നത്. ബാറ്റിംഗിന് ദുഷ്‌കരമായ പിച്ചായിരുന്നു അത്. സഞ്ജു സാംസണ്‍ 6 പന്ത് ബാറ്റ് ചെയ്ത് ഒരു റണ്‍സ് മാത്രം നേടി മടങ്ങിയതിന് ശേഷമാണ് പന്ത് ക്രീസിലെത്തുന്നത്. എങ്ങനെ സാഹചര്യം കൈകാര്യം ചെയ്യാമെന്ന് പന്തിന് കൃത്യമായി അറിയാം. ബാറ്റിംഗ് കഠിനമായ പിച്ചില്‍ 200നടുത്ത സ്‌ട്രൈക്ക് റേറ്റിലാണ് പന്ത് കളിച്ചത്. ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമല്ല റിഷഭ് പന്ത്. 20ന് അടുത്ത് ബാറ്റിംഗ് ശരാശരിയും 120 സ്‌ട്രൈക്ക് റേറ്റും മാത്രമാണുള്ളത്. പക്ഷേ തനിക്ക് ഗെയിം ചെയ്ഞ്ചറെന്ന നിലയില്‍ എന്ത് ചെയ്യാനാകുമെന്ന് പന്ത് ഇന്ന് കാണിച്ചു തന്നു. മഞ്ജരേക്കര്‍ പറഞ്ഞു.
 
എല്ലാവരും അവന്‍ നേടിയ സിക്‌സുകളെ പറ്റിയും ബൗണ്ടറികളെ പറ്റിയും പറയുന്നു. പക്ഷേ ആദ്യ 7 പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രമാണ് പന്ത് നേടിയിരുന്നത്. ഇത്തവണ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ തന്നെ പന്ത് കളിച്ചു. സാധാരണ സ്പിന്നര്‍മാരെ കളിക്കുന്നതില്‍ പന്ത് ബുദ്ധിമുട്ട് നേരിടാറുണ്ട്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെയും പേസര്‍മാര്‍ക്കെതിരെയും പന്ത് മികച്ച രീതിയില്‍ ബാറ്റ് വീശിയെന്ന് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് ബംഗാറും അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍