സിംബാബ്‌വെ മുന്‍ ക്രിക്കറ്റ് ഇതിഹാസവും സിംബാബ്‌വെന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലത്തെ നായകനുമായ ഹീത്ത് സ്ട്രീക്ക് മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി മുന്‍ സിംബാബ്‌വെ താരവും ഹീത്ത് സ്ട്രീക്കിന്റെ സഹതാരവുമായ ഹെന്റി ഒലോങ്ക. ട്വിറ്റര്‍ എക്‌സിലൂടെയാണ് ഒലോങ്ക പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയത്.
ഹീത്ത് സ്ട്രീക്ക് മരിച്ചതായുള്ള വാര്‍ത്ത അദ്ദേഹത്തോട് തന്നെ ചോദിച്ച് അതില്‍ സ്ഥിരീകരണം കിട്ടിയെന്നും അദ്ദേഹത്തെ തേര്‍ഡ് അമ്പയര്‍ കളത്തിലേക്ക് തിരികെ വിളിച്ചുവെന്നും ഇതുവരെ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും ഒലോങ്ക ട്വിറ്റ് ചെയ്തു. ക്യാന്‍സര്‍ വന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന താരം അന്തരിച്ചുവെന്ന് ഇന്ന് രാവിലെയാണ് പ്രധാന അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തത്. താരത്തിന്റെ മരണത്തില്‍ അനുശോചനവുമായി മുന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ തന്നെ എത്തിയിരുന്നു. സിംബാബ്‌വെയുടെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ സ്ട്രീക്ക് സിംബാബ്‌വെയ്ക്ക് വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.