ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ ഉള്‍പ്പെടുത്താത്തതില്‍ സെലക്ഷന്‍ കമ്മിറ്റിയെ പരിഹസിച്ച് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് രംഗത്ത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ കരുൺ നായർ എവിടെ? ഏകദിന ടീമിൽ പോയിട്ട് പരിശീലന മത്സരത്തിലുള്ള ടീമിൽ പോലും അദ്ദേഹത്തെ കാണുന്നില്ലല്ലോ എന്നായിരുന്നു ഹർഭജന്റെ ട്വീറ്റ്.
വിരാട് കോഹ്‌ലി മൂന്ന് ഫോര്‍മാറ്റിലും നയകനായ ശേഷമുള്ള ആദ്യ ടീം സെലക്ഷനെതിരെ നടത്തിയ പരസ്യ പ്രസ്‌താവന വിവാദമായതോടെ ഹര്‍ഭജന്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്‌തു.
ഇന്ത്യന്‍ ടീമിലേക്ക് വിളി വരാത്തതിനാല്‍ കടുത്ത നിരാശയിലാണ് ഹര്‍ഭജന്‍. ആര്‍ അശ്വിന്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച പ്രകടനങ്ങള്‍ നടത്തുന്നതാണ് ഭാജിക്ക് വിനയായത്. അശ്വിന്റെ വിക്കറ്റ് വേട്ടയെ വിമര്‍ശിച്ച് നേരത്തെ ഹര്‍ഭജന്‍ രംഗത്ത് എത്തിയിരുന്നു. വിക്കറ്റ് നേടാവുന്ന തരത്തിലുള്ള പിച്ച് ഒരുക്കിയാണ് അശ്വിന്‍ വിക്കറ്റ് സ്വന്തമാക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്‌താവനയ്‌ക്കെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.