അമ്പടാ, എന്തൊരു അഭിനയം ! കളി പതുക്കെയാക്കാന്‍ നിര്‍ദേശം നല്‍കി അഫ്ഘാന്‍ പരിശീലകന്‍; അക്ഷരംപ്രതി അനുസരിച്ച് ഗുല്‍ബാദിന്‍ (വീഡിയോ)

രേണുക വേണു

ചൊവ്വ, 25 ജൂണ്‍ 2024 (12:30 IST)
Afghanistan vs Bangladesh

ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ സമയം വൈകിപ്പിക്കാന്‍ വേണ്ടി അഫ്ഘാനിസ്ഥാന്‍ പരിശീലകന്‍ ജോനാഥന്‍ ട്രോട്ട് ഡഗ്ഔട്ടില്‍ നിന്ന് നിര്‍ദേശം നല്‍കിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മത്സരം പതുക്കെയാക്കാന്‍ ട്രോട്ട് നിര്‍ദേശം നല്‍കിയപ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അഫ്ഘാനിസ്ഥാന്‍ താരം ഗുല്‍ബാദിന്‍ നായിബ് അത് അക്ഷരംപ്രതി അനുസരിച്ചു. കാലില്‍ പേശീവലിവ് ഉള്ളതായി നായിബ് അഭിനയിക്കുകയായിരുന്നെന്നാണ് വീഡിയോ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. 
 
മഴയെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 ആയി പുനര്‍നിശ്ചയിക്കപ്പെട്ടിരുന്നു. 12-ാം ഓവറിലെ നാല് പന്തുകള്‍ പൂര്‍ത്തിയായ നേരത്താണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറുന്നത്. ഈ സമയത്ത് 11.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് ബംഗ്ലാദേശ് നേടിയിരുന്നത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഈ സമയത്ത് മഴ വന്ന് കളി പൂര്‍ണമായി തടസപ്പെടുകയാണെങ്കില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ വേണ്ടിയിരുന്ന സ്‌കോര്‍ 83 ആണ്. അതായത് നിലവില്‍ നേടിയിരിക്കുന്നതിനേക്കാള്‍ രണ്ട് റണ്‍സ് കുറവ്. 


ഉടന്‍ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട അഫ്ഘാന്‍ പരിശീലകന്‍ ജോനാഥന്‍ ട്രോട്ട് ഡഗ്ഔട്ടില്‍ നിന്ന് ഫീല്‍ഡര്‍മാര്‍ക്ക് ഈ നിര്‍ദേശം കൈമാറി. കളി പതുക്കെയാക്കാനും മഴ വരുന്നുണ്ടെന്നുമാണ് അഫ്ഘാന്‍ പരിശീലകന്‍ ഗ്രൗണ്ടിലേക്ക് നോക്കി ആംഗ്യം കാണിച്ചത്. ഇത് മനസിലാക്കിയ ഗുല്‍ബാദിന്‍ നായിബ് ഉടനെ തന്നെ പേശീവലിവ് മൂലം ഗ്രൗണ്ടില്‍ കിടന്നു. ട്രോട്ടിന്റെ നിര്‍ദേശ പ്രകാരമാണ് ഗുല്‍ബാദിന്‍ ഇതൊക്കെ ചെയ്തതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ അഫ്ഘാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍ ഗുല്‍ദാബിന്റെ പ്രവൃത്തിയില്‍ അനിഷ്ടം രേഖപ്പെടുത്തി. 'എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്' എന്നാണ് റാഷിദ് ഗുല്‍ബാദിനോട് ചോദിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍