സിംബാബ്‌വെ പര്യടനത്തിന് പിന്നാലെ ഏഷ്യാക്കപ്പിലും മോശം ഫോം തുടരുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിന് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. പരിക്കിൽ നിന്നും മടങ്ങിയെത്തിയ ശേഷം കളിച്ച നാല് ഇന്നിങ്ങ്സുകളിൽ 1,30,0,36 എന്നിങ്ങനെയാണ് രാഹുലിൻ്റെ സ്കോറുകൾ. അവസാന മത്സരത്തിൽ 36 റൺസെടുത്തെങ്കിലും അദ്ദേഹത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 100ൽ താഴെയായിരുന്നു.
ഇതോടെ നിലവിലെ ഫോമിൽ ഓസീസിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പ് ടീമിൽ നിന്നും രാഹുൽ പുറത്തായേക്കുമെന്ന മുന്നറിയിപ്പാണ് ഗവാസ്കർ നൽകുന്നത്. സിംബാബ്‌വെ പര്യടനത്തിൽ ഓപ്പണറായി തിളങ്ങിയ ശുഭ്മാൻ ഗിൽ രാഹുലിൻ്റെ പകരക്കാരനായി അവസരം കാത്തിരിപ്പുണ്ടെന്നും ഗവാസ്കർ പറയുന്നു.
എല്ലാ മത്സരങ്ങളും കഠിനമായതിനാൽ ലോകകപ്പിൽ രാഹുൽ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാകില്ല. റൺസ് സ്കോർ ചെയ്യാൻ അദ്ദേഹത്തിന് കുറച്ച് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. അല്ലാഠപക്ഷം സെലക്ഷൻ കമ്മിറ്റിക്ക് ചില തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. ഗവാസ്കർ പറഞ്ഞു