കോലിയും രോഹിത്തും അസാധ്യ ഫീൽഡർമാർ, ടി20 ലോകകപ്പിൽ എന്തായാലും കളിക്കണമെന്ന് ഗവാസ്കർ

അഭിറാം മനോഹർ

ഞായര്‍, 7 ജനുവരി 2024 (10:08 IST)
ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ,വിരാട് കോലി എന്നിവര്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. മികച്ച ബാറ്റര്‍മാരാണെന്ന് മാത്രമല്ല ഫീല്‍ഡിലും മികച്ച പ്രകടനം നടത്തുന്നവരാണ് ഇരുതാരങ്ങളെന്നും ഇത് ടീമിന് ഗുണം ചെയ്യുമെന്നും ഗവാസ്‌കര്‍ പറയുന്നു.
 
2022ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് ശേഷം ഇരുതാരങ്ങളും ഇന്ത്യയ്ക്ക് വേണ്ടി ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. രോഹിത്തിന്റെ അസ്സാന്നിധ്യത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടി20 ടീമിനെ നയിക്കുന്നത്. 35-36 വയസ് പ്രായമാകുമ്പോള്‍ നിങ്ങളുടെ വേഗത കുറയും. അതിനാല്‍ തന്നെ ഫീല്‍ഡ് സെറ്റ് ചെയ്യുമ്പോള്‍ സീനിയര്‍ താരങ്ങളെ എവിടെ നിര്‍ത്തുമെന്ന് ക്യാപ്റ്റന് തലവേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ രോഹിത്, കോലി എന്നിവരുടെ കാര്യത്തില്‍ ഈ പ്രശ്‌നമില്ല. ഈ പ്രായത്തിലും ഗ്രൗണ്ടിന്റെ ഏത് ഭാഗത്തും ഈ താരങ്ങളെ നിര്‍ത്താനാകും.
 
രോഹിത്ത് ക്യാപ്റ്റനാകുമോ എന്നൊന്നും എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷേ രോഹിത് ടീമിലുള്ളത് ഏത് ടീമിനും വലിയ മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി കോലിയും മിന്നുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ 3 സെഞ്ചുറിയടക്കം 750 റണ്‍സാണ് കോലി നേടിയത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയുടെ മികവിന് മറ്റൊരു ഉദാഹരണത്തിന്റെയും ആവശ്യമില്ല. ഗവാസ്‌കര്‍ പറഞ്ഞു. ജൂണ്‍ നാല് മുതല്‍ 30 വരെയാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ചിരവൈരികളായ പാകിസ്ഥാനുള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യ കളിക്കുക. ആകെ 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍