ആ ഒരൊറ്റ കാര്യം മറ്റുള്ളവരിൽ നിന്നും അവനെ വ്യത്യസ്തനാക്കി, ഇന്ത്യൻ ടീമിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഗാരി കേസ്റ്റൻ

ചൊവ്വ, 14 ഫെബ്രുവരി 2023 (20:19 IST)
ഇന്ത്യൻ ക്രിക്കറ്റ് താരമല്ലെങ്കിൽ കൂടി ഇന്ത്യൻ ടീമിൻ്റെ ഭാഗമായാണ് ഇന്ത്യക്കാർ ദക്ഷിണാഫ്രിക്കൻ താരമായ ഗാരി കേസ്റ്റനെ കാണുന്നത്. 2007 ഏപ്രിലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ചുമതലയേറ്റ ഗാരി കേസ്റ്റനാണ് നീണ്ട 29 കൊല്ലകാലത്തെ കാത്തിരിപ്പിന് അവസാനമായി ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് കിരീടം കൊണ്ടുവരുന്നതിൽ ചുക്കാൻ പിടിച്ചത്.
 
2007 ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നിർണായകമായ കാലഘട്ടമായിരുന്നു. 2007ലെ ഏകദിന ലോകകപ്പ് തോൽവിയ്ക്ക് ശേഷം ടീമാകെ ഉടച്ചുവാർത്തപ്പോൾ ഗാരി കേസ്റ്റനും മഹേന്ദ്രസിംഗ് ധോനിയുമായിരുന്നു പട നയിക്കാൻ വിധിക്കപ്പെട്ടത്. നായകനെന്ന നിലയിൽ ധോനിയുടെ വളർച്ച കേസ്റ്റൻ പരിശീലകനായിരിക്കെയായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ ടീമിനൊപ്പമുള്ള തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേസ്റ്റൻ.
 
എന്തുകൊണ്ടാണ് ധോനി മറ്റ് ഇന്ത്യൻ കളിക്കാരിൽ നിന്നും വ്യത്യസ്തനായിരിന്നത് എന്നാണ് കേസ്റ്റൻ വിവരിക്കുന്നത്. ആദം കോളിൻസുമായുള്ള ഒരു ക്രിക്കറ്റ് പോഡ്കാസ്റ്റിനിടെയാണ് കേസ്റ്റൻ മനസ് തുറന്നത്. ഞാൻ ഇന്ത്യൻ പരിശീലകനായി സ്ഥാനമേൽക്കുമ്പോൾ പ്രധാനപേടി ഇന്ത്യയുടെ സൂപ്പർ സ്റ്റാർ സമ്പ്രദായത്തെ പറ്റിയായിരുന്നു.
 
ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ ചുമതല എന്തെന്ന് മറന്ന് വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരുന്നു പ്രശ്നം. ഏതൊരു കോച്ചും ടീമിന് വേണ്ടി കളിക്കുന്ന ഒരു കൂട്ടം കളിക്കാരുടെ സംഘത്തെയാണ് ആഗ്രഹിക്കുക. ഇന്ത്യൻ ടീമിൽ ഒരുപാട് സൂപ്പർ താരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കൂട്ടത്തിൽ നായകനെന്ന നിലയിൽ ടീമിന് നല്ലതെന്താണോ അത് മനസിലാക്കാനുള്ള കഴിവ് ധോനിക്കുണ്ടായിരുന്നു.
 
വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിനായി കിരീടങ്ങൾ നേടുക എന്നതിലാണ് ധോനി ശ്രദ്ധ വെച്ചത്. പല താരങ്ങളെയും ഈ ഒരു അവസ്ഥയിലേക്ക് എത്തിക്കാൻ ധോനിക്ക് സാധിചു. സച്ചിൻ പോലും ഈ സമയത്ത് ക്രിക്കറ്റ് ആസ്വദിച്ചാണ് കളിച്ചിരുന്നത്. കോച്ച്- ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച ബന്ധമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാനും ഈ സമയത്ത് ഞങ്ങൾക്ക് സാധിച്ചു. ഗാരി കേസ്റ്റൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍