ഐപിഎല്ലിൽ പ്ളേ ഓഫിൽ സെഞ്ചുറി നേടുന്ന ആദ്യ അൺക്യാപ്ഡ് താരമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ആർസിബിയുടെ രജത് പട്ടീദാർ. താരലേലത്തിൽ ആർക്കും വേണ്ടാതിരുന്ന താരം സീസണിനിടയിലാണ് ആർസിബി ടീമിലെത്തിയത്. കോലിയെയും ഡുപ്ലെസിസിനെയും മാക്സ്‌വെല്ലിനെയും നേരിടാനെത്തിയ ലഖ്‌നൗവിന് സിലബസിന്റെ പുറത്തുനിന്ന് ലഭിച്ച പരീക്ഷണമായിരുന്നു ഈ 28കാരൻ.
ആർസിബിയുടെ പ്രധാനതാരങ്ങളായ ഗ്ലെൻ മാക്‌സ്‌വെൽ,വിരാട് കോലി,ഡുപ്ലെസിസ് എന്നിവർ മത്സരത്തിൽ ആകെ നേടിയത് 34 റൺസ് മാത്രമായിരുന്നു. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നിലം പാടുമ്പോഴും ഒരറ്റത്ത് തകർത്ത കളിച്ച പാട്ടിദാർ ലഖ്‌നൗ ബൗളിങ്ങിനെ കീറിമുറിച്ചു.തകർപ്പൻ സെഞ്ചുറിയോടെ ആർസിബിയെ 200 കടത്താനും താരത്തിനായി.
ഇത്തവണത്തെ ഐപിഎൽ സീസണിൽ പരിക്കേറ്റ ലവനിത് സിസോദിയക്ക് പകരക്കാരനായാണ് പാട്ടിദാർ ആർസിബിയിലെത്തിയത്.രണ്ടാം അവസരത്തിൽ അര്‍ധസെഞ്ചുറി നേടി ശ്രദ്ധിക്കപ്പെട്ട പട്ടിദാര്‍ സമ്മര്‍ദ്ദമേറിയ എലിമിനേറ്റര്‍ പോരാട്ടത്തിൽ ബാംഗ്ലൂരിന്‍റെ ഒറ്റയാൾ പട്ടാളമായി. 2009ൽ മനീഷ് പാണ്ഡേയും 2021ൽ ദേവ്‌ദത്ത് പടിക്കലുമാണ് ഇതിന് മുന്‍പ് ഐപിഎല്ലിൽ സെഞ്ചുറി നേടിയിട്ടുള്ള അണ്‍ക്യാപ്‌ഡ് ആര്‍സിബി താരങ്ങൾ. 2011ൽ പഞ്ചാബിന്റെ അൺക്യാപ്ഡ് താരം പോൾ വാൽത്താട്ടിയും സെഞ്ചുറി നേടിയിട്ടുണ്ട്.