ഫിഫ്‌റ്റിയടിക്കുന്നതിലല്ല കാര്യം, സഞ്ജുവിനെ കണ്ട് പഠിക്കുവെന്ന് ഹർഷ ഭോഗ്ലെ

ബുധന്‍, 25 മെയ് 2022 (13:38 IST)
ഐപിഎല്ലിലെ ആദ്യ ക്വാളിഫയിങ് മാച്ചിൽ പരാജയപ്പെട്ടെങ്കിലും  സഞ്ജു സാംസൺ രാജസ്ഥാനായി മത്സരത്തിൽ പുറത്തെടുത്ത പ്രകടനം എന്നെന്നും ഓർമിക്കപ്പെടുന്നതാണ്. ആദ്യ വിക്കറ്റ് വീഴുകയും ജോസ് ബട്ട്ലർ റൺസ് കണ്ടെത്താൻ വിഷമിക്കുകയും ചെയ്ത സാഹചര്യത്തിൽ ക്രീസിലെത്തിയ റോയൽസ് നായകൻ ആദ്യപന്തിൽ തന്നെ സിക്സർ പറത്തിയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
 
മത്സരത്തിൽ തന്റെ ആദ്യ 30 റൺസ് സഞ്ജു നേടിയത് ഫോറുകളിലൂടെയും സിക്സറുകളിലൂടെയും മാത്രമായിരുന്നു. 26 പന്തുകളിൽ നിന്ന് 47 റൺസ് നേടിയ പ്രകടനത്തോടെ റൺറേറ്റ് കുറയാതെ സൂക്ഷിക്കാനും രാജസ്ഥാന് മികച്ച അടിത്തറ ഒരുക്കാനും സഞ്ജുവിനായി.
 
അർധസെഞ്ചുറി പോലുള്ള സാധാരണമായ നാഴികക്കല്ല് വെച്ചല്ല ഒരു ടി20 കളിക്കാരന്റെ കഴിവ് അളക്കേണ്ടതെന്നും മത്സരത്തിൽ നിങ്ങളുണ്ടാക്കുന്ന സ്വാധീനമാണ് പ്രധാനമെന്നുമാണ് സഞ്ജുവിന്റെ ഇന്നിംഗ്സ് ചൂണ്ടിക്കാട്ടി ഹർഷ ഭോഗ്ലെ കുറിച്ചത്.
 
മത്സരത്തിൽ തോറ്റെങ്കിലും രാജസ്ഥാന്റെ ഫൈനൽ സാധ്യത അവസാനിച്ചിട്ടില്ല.നാളെ നടക്കുന്ന എലിമിനേറ്ററില്‍ ജയിക്കുന്ന ടീമുമായി രാജസ്ഥാന്‍ വീണ്ടും ക്വാളിഫയര്‍ മത്സരം കളിയ്ക്കും. ഇതിൽ വിജയിച്ചയാൾ ഫൈനൽ പ്രവേശനം നേടാൻ റോയൽസിന് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍