ധവാന്‍ ഇനി ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 ക്രിക്കറ്റ് കളിക്കില്ല; സ്റ്റാര്‍ ഓപ്പണറുടെ കരിയറിന് കര്‍ട്ടനിട്ട് ദ്രാവിഡ് !

ബുധന്‍, 25 മെയ് 2022 (08:55 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്താതിരുന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണെന്ന് ബിസിസിഐ അധികൃതര്‍. ഐപിഎല്ലില്‍ ധവാന്‍ മികച്ച ഫോമില്‍ ആണെങ്കിലും ടി 20 ക്രിക്കറ്റില്‍ ധവാന് പകരക്കാരെ തേടേണ്ട സമയം അതിക്രമിച്ചെന്ന് ദ്രാവിഡ് നിലപാടെടുത്തതോടെയാണ് താരത്തിനു സ്ഥാനം നഷ്ടമായത്. 
 
2021 ല്‍ ശ്രീലങ്കയ്ക്കെതിരെയാണ് ധവാന്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഒരു ടി 20 മത്സരം കളിച്ചത്. ടി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ധവാന്‍ ഉണ്ടായിരുന്നില്ല. ഐപിഎല്ലില്‍ ഈ സീസണില്‍ പഞ്ചാബ് കിങ്സിന് വേണ്ടി 38.33 ശരാശരിയില്‍ 460 റണ്‍സ് ധവാന്‍ നേടിയിട്ടുണ്ട്. എങ്കിലും ടി 20 ക്രിക്കറ്റില്‍ ഇനി ധവാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 
 
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ധവാന്‍ വേണ്ട എന്ന തീരുമാനം ദ്രാവിഡിന്റേതാണ്. ഇക്കാര്യം ധവാനെ നേരിട്ട് ദ്രാവിഡ് അറിയിച്ചിട്ടുണ്ട്. ഇനി ടി 20 ക്രിക്കറ്റില്‍ ധവാന് അവസരം ഉണ്ടാകില്ലെന്ന് ദ്രാവിഡ് സൂചന നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ അധികൃതര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതാരങ്ങള്‍ക്ക് വേണ്ടിയാണ് ധവാനെ മാറ്റി നിര്‍ത്തുന്നതെന്നാണ് ദ്രാവിഡിന്റെ നിലപാട്. 
 
'ധവാന്‍ വേണ്ട എന്ന കടുത്ത തീരുമാനം എടുത്തത് ദ്രാവിഡാണ്. ഞങ്ങള്‍ അത് അംഗീകരിക്കുകയായിരുന്നു. ഞായറാഴ്ച ടീം പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ ഇക്കാര്യം ദ്രാവിഡ് ധവാനെ അറിയിച്ചിരുന്നു,' ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോര്‍ട്സിനോട് വെളിപ്പെടുത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍