കഴിഞ്ഞ ദിവസമാണ് ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരമായ സഞ്ജു സാംസണിന് ഇടം പിടിക്കാനാവാതെ പോയ ടീമില്‍ ഏറെക്കാലത്തെ പരിക്കിന് ശേഷം തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ഇടം ലഭിച്ചിരുന്നു. കെ എല്‍ രാഹുലിന്റെ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ടീം തിരെഞ്ഞെടുത്തിരിക്കുന്നത്. മധ്യനിരയില്‍ മോശം പ്രകടനം മാത്രമുള്ള സൂര്യകുമാര്‍ യാദവും ടീമിലുണ്ട്.
പരിക്കിന്റെ പിടിയിലുള്ള കെ എല്‍ രാഹുലിന് പകരമായി മധ്യനിരയില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇഷാന്‍ കിഷനെ ടീമില്‍ ഓപ്പണിംഗില്‍ മാത്രമെ പരിഗണിക്കാന്‍ ഇടയുള്ളു എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് കിഷന് തുണയായി. ഈ സാഹചര്യത്തില്‍ സഞ്ജുവോ കിഷനോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ താരമായ ആര്‍ അശ്വിന്‍.
സത്യത്തില്‍ ഇഷാന്‍ കിഷനും സഞ്ജുവും തമ്മില്‍ ഒരു മത്സരം തന്നെ നിലവിലില്ലെന്ന് അശ്വിന്‍ പറയുന്നു. നിങ്ങള്‍ ഒരു 15 അംഗ ടീമിനെ തിരെഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്കൊരു ബാക്കപ്പ് കീപ്പറെ വേണം. നിങ്ങളൊരു രഞ്ജി ടീം എടുക്കുമ്പോള്‍ പോലും അങ്ങനെയാണ്. ഇഷാന്‍ കിഷന്‍ ഒരു ബാക്കപ്പ് ഓപ്പണറാണ്. ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പറാണ്. നമ്പര്‍ അഞ്ചിലും ബാറ്റ് ചെയ്യാനാകുമെന്ന് ഇഷാന്‍ തെളിയിച്ചു. മധ്യനിരയില്‍ ഇന്ത്യയ്ക്ക് ഒരു ഇടം കയ്യന്‍ ബാറ്ററെ ആവശ്യവും ഉണ്ട്. ഇതെല്ലാം തന്നെ ഇഷാന്‍ നല്‍കുന്നു.അശ്വിന്‍ പറഞ്ഞു.