ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് വിജയത്തില്‍ കുറഞ്ഞൊന്നും തന്നെ സ്വീകാര്യമാവുകയില്ല. കാരണം ഇതില്‍ ജയിച്ചാല്‍ മാത്രമെ പരമ്പര ഇന്ത്യയ്ക്ക് കൊണ്ടുപോകാന്‍ കഴിയും.
ലോര്‍ഡ്‌സില്‍ നടന്ന രണ്ടാംടെസ്റ്റില്‍ 95 റണ്‍സിന്റെ ആധികാരികജയം നേടിയ ഇന്ത്യ പരമ്പരയില്‍ 1-0 എന്ന നിലയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. മൂന്നാം ടെസ്റ്റ് കൂടി ജയിച്ചാല്‍ പിന്നെ ഇംഗ്ലണ്ടിന് പരമ്പരയിലേക്ക് ഒരു തിരിച്ചുവരവ് ദുഷ്‌കരമാവും.
ലോര്‍ഡ്‌സില്‍ കളിച്ച ടീമില്‍ നിന്ന് ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഓള്‍റൗണ്ടര്‍ സ്സ്റ്റിയുവര്‍ട്ട് ബിന്നിയെ ഒഴിവാക്കി ആറാമത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി രോഹിത് ശര്‍മയെ കളിപ്പിച്ചേക്കും ആദ്യ രണ്ട് ടെസ്റ്റിലും കളിച്ച ബിന്നിക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല. ഇതുവരെ കളിച്ച ആറു ടെസ്റ്റില്‍ നിന്ന് രണ്ട് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ റെക്കോഡ് ഏറെ മികച്ചതാണ്. എന്നാല്‍ വിരാട് കോലിയുടെ മോശം ഫോം ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ വിഷമിപ്പിക്കുന്നുണ്ട്.
ബൗളര്‍മാരില്‍ ഭുവനേശ്വറിന്റെയും ലോര്‍ഡ്‌സിലെ ഹീറോ ഇഷാന്തിന്റെയും മികച്ച പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് കരുത്താവുന്നുണ്ട്. അശ്വിന്റെ അഭാവത്തില്‍ സ്പിന്നറുടെ റോള്‍ രവീന്ദ്ര ജഡേജ മോശമാവാതെ നോക്കുന്നുണ്ട്. രോഹിത് ശര്‍മയെ അധിക സ്പിന്നറായി ഉപയോഗിക്കുകയുമാവാം.
മറുപക്ഷത്ത് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെ നേതൃപാടവത്തില്‍ സംശയമുയര്‍ന്നത് ടീമിനെ ഒന്നാകെ സമര്‍ദത്തിലാക്കുന്നു. ബാറ്റ്‌സ്മാന്‍ എന്ന നിലയിലും കുക്ക് കഴിഞ്ഞ രണ്ട് ടെസ്റ്റിലും മികവിലേക്കുയര്‍ന്നില്ല. ഗ്യാരി ബാലന്‍സും ജോ റൂട്ടും റണ്‍ നേടുന്നുവെങ്കിലും ഇംഗ്ലീഷ് ബാറ്റിങ് നിരയ്ക്ക് ആഴം പോരെന്നാണ് പൊതുവായ വിലയിരുത്തല്‍. മാറ്റ് പ്രയറിനു പകരം വിക്കറ്റ് കീപ്പറായി ജോസ് ബട്ട്‌ലറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഏകദിന ടീമിലെ സ്ഥിരം വിക്കറ്റ് കീപ്പറാണ് ബട്ട്‌ലര്‍. ബൗളിങ്ങിന്റെ ചുമതല മിക്കവാറും ജിമ്മി ആന്‍ഡേഴ്‌സന്റെ ചുമലിലാണ്.