ഇന്ത്യക്കെതിരായ അഞ്ചാമത്തെ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ബെന്‍ ഡെക്കറ്റും സാക് ക്രൗളിയും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 64 റണ്‍സ് നേടിയ ശേഷമാണ് സഖ്യം പിരിഞ്ഞത്. ഒരു ഘട്ടത്തില്‍ 175 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 218ന് ഓള്‍ ഔട്ടായത്. കുല്‍ദീപ് യാദവും രവിചന്ദ്ര അശ്വിനുമാണ് ഇംഗ്ലണ്ട് നിരയെ കറക്കിയെറിഞ്ഞത്.
ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ 79 റണ്‍സുമായി സാക് ക്രൗളി മാത്രമാണ് പിടിച്ചുനിന്നത്. 26 റണ്‍സുമായി ജോ റൂട്ടും 29 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും പവലിയനിലേക്ക് മടങ്ങിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ബാക്കിയുണ്ടായിരുന്നത്. 175ന് 3 എന്ന നിലയില്‍ നിന്നും 8 റണ്‍സെടുക്കുന്നതിനിടയില്‍ 4 വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. വാലറ്റക്കാരില്‍ 24 റണ്‍സുമായി ബെന്‍ ഫോക്‌സ് മാത്രമാണ് പൊരുതി നോക്കിയത്.
ഇന്ത്യയ്ക്കായി 15 ഓവറുകളില്‍ നിന്നും 72 റണ്‍സ് വഴങ്ങി കുല്‍ദീപ് യാദവ് 5 വിക്കറ്റും 11.4 ഓവറില്‍ 51 റണ്‍സ് വഴങ്ങി രവിചന്ദ്ര അശ്വിന്‍ 4 വിക്കറ്റും സ്വന്തമാക്കി. അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരമാണിത്. രവീന്ദ്ര ജഡേജയ്ക്കാണ് ഒരു വിക്കറ്റ്.