ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്‌റ്റോടെ കരിയറിലെ മറ്റൊരു നാഴികകല്ലിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. അശ്വിന്റെ കരിയറിലെ നൂറാം ടെസ്റ്റാണ് ധരംശാലയില്‍ നാളെ ആരംഭിക്കുന്നത്. നാളെ അശ്വിന്‍ കളത്തിലിറങ്ങുന്നതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന പതിനാലാമത്തെ ഇന്ത്യന്‍ താരമായി അശ്വിന്‍ മാറും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,വിവിഎസ് ലക്ഷ്മണ്‍,അനില്‍ കുംബ്ലെ,കപില്‍ ദേവ്,സുനില്‍ ഗവാസ്‌കര്‍,ദിലീപ് വെങ്‌സര്‍ക്കാര്‍,സൗരവ് ഗാംഗുലി,വിരാട് കോലി,ഇഷാന്ത് ശര്‍മ,വിരേന്ദര്‍ സെവാഗ്,ചേതേശ്വര്‍ പുജാര,ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ അശ്വിന്‍ അരങ്ങേറ്റം കുറിച്ചത്. 99 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 507 വിക്കറ്റുകള്‍ അശ്വിന്‍ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. അനില്‍ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരവും 35 തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയ താരവുമാണ് അശ്വിന്‍. ഇംഗ്ലണ്ട് സീരീസിനിടെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റും 1000 റണ്‍സും നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.