T20 World Cup 2024: ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ സ്ഥാനം പിടിക്കും? അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര മാത്രം കണക്കിലെടുത്ത് ലോകകപ്പിനുള്ള സാധ്യത ടീമിനെ പ്രവചിക്കുക അസാധ്യമാണ്. ഐപിഎല്ലിലെ പ്രകടനങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനം. എങ്കിലും എട്ട് താരങ്ങള്‍ ഏറെക്കുറെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ കൂട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇല്ല !
രോഹിത് - കോലി തുടരും
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഉറപ്പായും ഉണ്ടാകും. ഇരുവര്‍ക്കും ഒരു തവണ കൂടി ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം നല്‍കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയതും ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ഇരുവരും താല്‍പര്യം പ്രകടിപ്പിച്ചതുമാണ് ബിസിസിഐയെ കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. രോഹിത് തന്നെയായിരിക്കും ഇന്ത്യയെ നയിക്കുക.
ശുഭ്മാന്‍ ഗില്‍ - യഷസ്വി ജയ്‌സ്വാള്‍
രോഹിത് ശര്‍മയ്‌ക്കൊപ്പം പ്രധാന ഓപ്പണറായി യഷസ്വി ജയ്‌സ്വാളിനെ പരിഗണിക്കും. ശുഭ്മാന്‍ ഗില്‍ ബാക്കപ്പ് ഓപ്പണറായി ടീമില്‍ സ്ഥാനം പിടിക്കും. ഇടംകൈയന്‍ ബാറ്ററാണെന്നതും പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് കണ്ടെത്തും എന്നതും ജയ്‌സ്വാളിന് മേല്‍ക്കൈ നല്‍കുന്നു. ഐപിഎല്ലില്‍ ഗില്‍ നിരാശപ്പെടുത്തിയാല്‍ മാത്രം പകരം ഋതുരാജ് ഗെയ്ക്വാദിനെ പരിഗണിക്കും.
സൂര്യകുമാര്‍ യാദവ് - റിങ്കു സിങ്
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടി20 ബാറ്ററായ സൂര്യകുമാര്‍ യാദവ് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. നിലവില്‍ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണെങ്കിലും സൂര്യകുമാര്‍ ഐപിഎല്‍ കളിച്ചേക്കും. അതുകൊണ്ട് തന്നെ ട്വന്റി 20 ലോകകപ്പ് ടീമിലും ഇടംപിടിക്കും.
സമീപകാലത്തെ മികച്ച പ്രകടനങ്ങളിലൂടെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പോകുന്ന താരമാണ് റിങ്കു സിങ്. ധോണിക്ക് ശേഷം അവസാന ഓവറുകളില്‍ ധൈര്യത്തോടെ ബാറ്റ് വീശുന്ന ഒരു താരത്തിനു വേണ്ടി ഇന്ത്യ കാത്തിരിക്കുകയായിരുന്നു. ഫിനിഷര്‍ റോളില്‍ റിങ്കു സിങ് മതിയെന്നാണ് സെലക്ടര്‍മാരുടെയും നായകന്‍ രോഹിത് ശര്‍മയുടെയും നിലപാട്. റിങ്കു സിങ്ങിന്റെ പ്രകടനത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് രോഹിത് പറയുന്നു.
ജസ്പ്രീത് ബുംറ - മുഹമ്മദ് സിറാജ്
ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ പേസ് നിരയെ നയിക്കുക ജസ്പ്രീത് ബുംറയായിരിക്കും. ഒപ്പം മുഹമ്മദ് സിറാജും ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം പിടിക്കും. മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവരും പരിഗണനയിലാണ്.