Rinku Singh: ഇന്നിങ്ങ്സ് ബിൽഡ് ചെയ്യാനും, ആവശ്യമെങ്കിൽ ആഞ്ഞടിക്കാനും സഞ്ജു റിങ്കുവിനെ കണ്ടുപഠിക്കണം

അഭിറാം മനോഹർ
വ്യാഴം, 18 ജനുവരി 2024 (20:27 IST)
വെറും 2 ഐപിഎല്‍ സീസണുകള്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച താരമാണ് ഇന്ത്യയുടെ ഫിനിഷിംഗ് താരമായ റിങ്കുസിംഗ്. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 23 പന്തില്‍ നിന്നും നേടിയ 43 റണ്‍സ് പ്രകടനവും 2023 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവസാന അഞ്ച് പന്തുകളില്‍ സിക്‌സര്‍ നേടികൊണ്ട് നടത്തിയ അവിശ്വസനീയമായ പ്രകടനവുമാണ് റിങ്കുവിനെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ സഹായിച്ചത്. ഐപിഎല്ലിലെ ആ ഇന്നിങ്ങ്‌സില്‍ നടന്നത് ഫ്‌ളുക്ക് മാത്രമാണെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തുടര്‍ച്ചയായി അത്തരം പ്രകടനങ്ങള്‍ നടത്തുന്നത് റിങ്കു ശീലമാക്കി.
 
ഇന്ത്യയ്ക്കായി 11 ടി20 മത്സരങ്ങളില്‍ നിന്നും 356 റണ്‍സാണ് താരം നേടിയത്. 89 റണ്‍സ് ശരാശരിയിലും176 എന്ന മികച്ച പ്രഹരശേഷിയിലുമാണ് റിങ്കുവിന്റെ പ്രകടനം. ഏകദിനത്തില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 55 റണ്‍സാണ് താരം നേടിയത്. ടീം തകര്‍ച്ചയിലാണെങ്കില്‍ ശാന്തനായി സ്‌കോര്‍ പതിയെ ഉയര്‍ത്തുകൊണ്ട് വന്ന് ആഞ്ഞടിക്കാനും അവസാന ഓവറിലാണ് ബാറ്റിംഗ് അവസരമെങ്കില്‍ നേരിടുന്ന ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്താനുമുള്ള റിങ്കുവിന്റെ കഴിവ് പ്രശംസനീയമാണ്.
 
അഫ്ഗാനെതിരെ 22 റണ്‍സിന് 4 വിക്കറ്റെന്ന അവസ്ഥയില്‍ ക്രീസിലെത്തി സമ്മര്‍ദ്ദം പൂര്‍ണ്ണമായി ഏറ്റുവാങ്ങി ടീമിനെ സുരക്ഷിതമായ അവസ്ഥയിലെത്തിക്കുകയും തുടര്‍ന്ന് ആഞ്ഞടിക്കുകയുമാണ് റിങ്കു ചെയ്തത്. സാഹചര്യത്തിനനുസരിച്ച് ഇന്നിങ്ങ്‌സ് ബില്‍ഡ് ചെയ്യാനും കൃത്യമായ സമയത്ത് സ്‌കോറിംഗ് ആക്‌സിലറേറ്റ് ചെയ്യാനും ഐപിഎല്ലില്‍ 2-3 സീസണ്‍ മാത്രം പരിചയമുള്ള റിങ്കുവില്‍ നിന്ന് സഞ്ജുവടക്കമുള്ള താരങ്ങള്‍ പഠിക്കണമെന്ന് സാരം. ടി20 ക്രിക്കറ്റ് ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമില്‍ റിങ്കു തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article