Sanju Samson: 'പോയി പാഡ് ധരിക്കൂ, അടുത്തത് നീ ഇറങ്ങണം'; സൂപ്പര്‍ ഓവറില്‍ ദുബെയെ നിര്‍ത്തി സഞ്ജുവിന് അവസരം നല്‍കി ദ്രാവിഡ്, എന്നിട്ടും കാര്യമുണ്ടായില്ല !

രേണുക വേണു

വ്യാഴം, 18 ജനുവരി 2024 (09:24 IST)
Sanju Samson

Sanju Samson: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി 20 യിലെ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ ശോഭിച്ചില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പൂജ്യത്തിനു പുറത്താകുകയായിരുന്നു. ഓഫ് സ്റ്റംപിനു പുറത്തു പോകുന്ന പന്ത് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്ത്യ 21/3 എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തിയത്. മികച്ചൊരു ഇന്നിങ്‌സ് കളിച്ചു ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകള്‍ നിലനിര്‍ത്താന്‍ സഞ്ജുവിന് ലഭിച്ച സുവര്‍ണാവസരമായിരുന്നു ഇത്. എന്നാല്‍ തന്റെ കരിയറിനു ഫലപ്രദമാകുന്ന രീതിയിലുള്ള ഇന്നിങ്‌സ് കളിക്കുന്നതില്‍ താരം പരാജയപ്പെട്ടു. 
 
മത്സരം സമനിലയിലായി രണ്ട് സൂപ്പര്‍ ഓവറുകള്‍ നടത്തിയ ശേഷമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ സൂപ്പര്‍ ഓവറും സമനിലയില്‍ ആണ് അവസാനിച്ചത്. ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മയും യഷസ്വി ജയ്‌സ്വാളുമാണ് ഇന്ത്യക്കായി ബാറ്റിങ്ങിനു ഇറങ്ങിയത്. സൂപ്പര്‍ ഓവറിലെ അഞ്ചാം പന്തില്‍ രോഹിത് റിട്ടയേഡ് ഹര്‍ട്ട് ആയപ്പോള്‍ പകരം ക്രീസിലെത്തിയത് റിങ്കു സിങ്. 
 
എന്നാല്‍ രണ്ടാം സൂപ്പര്‍ ഓവറിലേക്ക് എത്തിയപ്പോള്‍ സഞ്ജുവിന് അവസരം ലഭിച്ചു. രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മയും റിങ്കു സിങ്ങുമാണ് ആദ്യം ഇറങ്ങിയത്. രണ്ടാം സൂപ്പര്‍ ഓവര്‍ ആരംഭിക്കുന്നതിനു മുന്‍പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ സ്‌ക്രീനില്‍ കാണിച്ചു. സഞ്ജുവിനോട് പാഡ് ധരിക്കാന്‍ ദ്രാവിഡ് ആവശ്യപ്പെടുന്നത് ആ സമയത്ത് കാണാമായിരുന്നു. 'സഞ്ജു പോയി പാഡ് ധരിക്കൂ, അടുത്തത് നീ ഇറങ്ങണം' എന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്. ഹാര്‍ഡ് ഹിറ്ററായ ശിവം ദുബെ ഉള്ളപ്പോഴാണ് ദ്രാവിഡ് സഞ്ജുവിന് അവസരം നല്‍കിയത്. സഞ്ജുവിന്റെ കഴിവില്‍ ദ്രാവിഡിന് പൂര്‍ണ വിശ്വാസമുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം. റിങ്കു സിങ് പുറത്തായ ശേഷം സൂപ്പര്‍ ഓവറിലെ അഞ്ചാം പന്ത് നേരിടാനെത്തിയത് സഞ്ജു ആണ്. എന്നാല്‍ ദ്രാവിഡ് അര്‍പ്പിച്ച വിശ്വാസം കാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഓഫ് സ്റ്റംപിന് പുറത്ത് ഫുള്‍ ടോസ് വൈഡ് എന്ന നിലയിലാണ് ആ പന്ത് പോയത്. സഞ്ജുവിന് ബോളില്‍ ബാറ്റ് വയ്ക്കാനുള്ള സമയം പോലും കിട്ടിയില്ല. സ്‌ട്രൈക്ക് ലഭിക്കാന്‍ വേണ്ടി രോഹിത് ശര്‍മ ഓടുകയും റണ്‍ഔട്ട് ആകുകയും ചെയ്തു. 
 
ആദ്യം ബാറ്റ് ചെയ്തപ്പോള്‍ നിരാശപ്പെടുത്തിയെങ്കിലും സൂപ്പര്‍ ഓവറില്‍ അവസരം ലഭിച്ചപ്പോള്‍ സഞ്ജു ഒരു സിക്‌സെങ്കിലും അടിച്ച് താരമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവിടെയും സഞ്ജുവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഈ ഒരൊറ്റ മത്സരം സഞ്ജുവിന്റെ ഇനിയുള്ള കരിയറില്‍ നിര്‍ണായകമാകുമെന്നാണ് ആരാധകര്‍ പറയുന്നത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍