മെഷീന്‍ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യുന്ന കൂക്കബുറ ബോള്‍ ആണ് സാധാരണയായി ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഡ്യൂക്‌സ് ബോള്‍ പൂര്‍ണമായും കൈകള്‍ കൊണ്ട് സ്റ്റിച്ച് ചെയ്യുന്നതാണ്. കൈ കൊണ്ട് തുന്നുന്ന ബോള്‍ ആയതിനാല്‍ ഡ്യൂക്‌സ് ബോളുകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയം നൂല്‍ നിലനില്‍ക്കും. ത്രെഡ് അതിവേഗം തേഞ്ഞ് പോകാന്‍ സാധ്യത കുറവാണ്. അങ്ങനെ വരുമ്പോള്‍ ബോളിന് അതിവേഗം സ്വിങ് ലഭിക്കും. ഇത് ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ ബുദ്ധിമുട്ടുണ്ടാക്കും. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഡ്യൂക്‌സ് ബോളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വലയ്ക്കാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനുമാണ് ഡ്യൂക്‌സ് ബോള്‍ കൊണ്ട് കൂടുതല്‍ പ്രയോജനമുണ്ടാകുക.