Dinesh Karthik: 'ഇതൊക്കെ കണ്ട് അടുത്ത ലോകകപ്പ് ടീമില്‍ എടുക്കരുത്'; കൈയടിക്കൊപ്പം ദിനേശ് കാര്‍ത്തിക്കിനെ ട്രോളിയും ആരാധകര്‍ !

രേണുക വേണു
ചൊവ്വ, 26 മാര്‍ച്ച് 2024 (10:07 IST)
Dinesh Karthik

Dinesh Karthik: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ദിനേശ് കാര്‍ത്തിക്. 10 ബോളില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റണ്‍സുമായി പുറത്താകാതെ നിന്ന കാര്‍ത്തിക് തുടര്‍ച്ചയായ രണ്ട് ബൗണ്ടറികള്‍ പായിച്ചാണ് ആര്‍സിബിയുടെ വിശ്വസ്ത ഫിനിഷറാണ് താനെന്ന് തെളിയിച്ചത്. വിരാട് കോലി അടക്കമുള്ള താരങ്ങള്‍ കാര്‍ത്തിക്കിന്റെ ഇന്നിങ്‌സ് കണ്ട് കോരിത്തരിച്ചു. പ്രായം എത്രയായാലും കാര്‍ത്തിക്കിന്റെ ഫിനിഷിങ് മികവ് അങ്ങനെയൊന്നും അവസാനിക്കില്ലെന്നാണ് ആരാധകരും പറയുന്നത്. 
 
കാര്‍ത്തിക്കിനെ പുകഴ്ത്തുന്നതിനൊപ്പം ചില ആരാധകര്‍ രസകരമായി ട്രോളുകയും ചെയ്യുന്നുണ്ട്. ആര്‍സിബിക്ക് വേണ്ടി കളിക്കുന്നത് കണ്ട് കാര്‍ത്തിക്കിനെ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തരുതെന്നാണ് ആരാധകര്‍ പറയുന്നത്. '2022 ട്വന്റി 20 ലോകകപ്പ് ടീമില്‍ കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയിട്ട് പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലേ' എന്നാണ് ആരാധകരുടെ ചോദ്യം. 
 
2022 ഐപിഎല്‍ സീസണില്‍ മികച്ച ഫോമിലായിരുന്നു കാര്‍ത്തിക്. ആര്‍സിബിക്ക് വേണ്ടി 55 ശരാശരിയില്‍ 330 റണ്‍സാണ് അടിച്ചുകൂട്ടിയത്. പത്ത് കളികളില്‍ നോട്ട് ഔട്ട് ആയിരുന്നു. 183.33 സ്‌ട്രൈക്ക് റേറ്റില്‍ 27 ഫോറും 22 സിക്‌സും കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ആര്‍സിബി തോല്‍ക്കുമെന്ന് ഉറപ്പായ മത്സരങ്ങളില്‍ പോലും കാര്‍ത്തിക് വിജയശില്‍പ്പിയായി. ഈ ഫോം പരിഗണിച്ചാണ് കാര്‍ത്തിക്കിനെ ആ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ആര്‍സിബിക്ക് വേണ്ടി ഐപിഎല്ലില്‍ കളിച്ചതിന്റെ നിഴല്‍ പോലും കാര്‍ത്തിക്കിന്റെ ലോകകപ്പ് പ്രകടനത്തില്‍ കണ്ടില്ല ! 
 
ലോകകപ്പില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 14 റണ്‍സാണ് അന്ന് ദിനേശ് കാര്‍ത്തിക് നേടിയത്. ഒരു കളി പോലും രണ്ടക്കം കണ്ടില്ല. യുവതാരം റിഷഭ് പന്തിനെ ബെഞ്ചിലിരുത്തിയാണ് കാര്‍ത്തിക്കിന് അന്ന് അവസരം നല്‍കിയത്. എന്നാല്‍ പൂര്‍ണമായി നിരാശപ്പെടുത്തുകയായിരുന്നു താരം. ഐപിഎല്ലിലെ ഫോം കണ്ട് ഇനിയും കാര്‍ത്തിക്കിനെ ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കരുതെന്നാണ് കണക്കുകള്‍ നിരത്തി ആരാധകര്‍ വാദിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article