Royal Challengers Bengaluru vs Punjab Kings: ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആര്‍സിബിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ ആര്‍സിബി വിജയം സ്വന്തമാക്കി. അര്‍ധ സെഞ്ചുറി നേടി ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിരാട് കോലിയാണ് കളിയിലെ താരം.
ഒരു വശത്ത് കോലി ശ്രദ്ധയോടെ ബാറ്റ് വീശിയെങ്കിലും മറുവശത്ത് ആര്‍സിബിയുടെ പ്രധാന വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീണു. കോലി കൂടി പുറത്തായതോടെ പഞ്ചാബ് വിജയ സാധ്യത മുന്നില്‍ കണ്ടതാണ്. എന്നാല്‍ ദിനേശ് കാര്‍ത്തിക് (10 പന്തില്‍ പുറത്താകാതെ 28), മഹിപാല്‍ ലോംറര്‍ (എട്ട് പന്തില്‍ പുറത്താകാതെ 17) എന്നിവരുടെ വെടിക്കെട്ട് ഫിനിഷിങ് ആര്‍സിബിക്ക് ജയം സമ്മാനിച്ചു. 280 സ്‌ട്രെക്ക് റേറ്റില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. വിരാട് കോലി 49 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 77 റണ്‍സ് നേടിയാണ് പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനു വേണ്ടി നായകന്‍ ശിഖര്‍ ധവാന്‍ 37 പന്തില്‍ നിന്ന് 45 റണ്‍സുമായി ടോപ് സ്‌കോററായി. ജിതേഷ് ശര്‍മ 20 പന്തില്‍ നിന്ന് 27 റണ്‍സും പ്രഭ്‌സിമ്രാന്‍ സിങ് 17 പന്തില്‍ നിന്ന് 25 റണ്‍സും നേടി. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജാണ് ബെംഗളൂരുവിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. യാഷ് ദയാല്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും ഗ്ലെന്‍ മാക്‌സ്വെല്‍ മൂന്ന് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.