ഐപിഎലിലെ തന്നെ മികച്ച ടീമേത് എന്ന ചോദ്യത്തിന് മുംബൈ ഇന്ത്യൻസ് എന്നു തന്നെയായിരിയ്ക്കും ഉത്തരം. കാരണം കരുത്തുറ്റതും സ്ഥിരതയാർന്നതുമായ പ്രകടനമാണ് ഓരോ സീസണിലും മുംബൈ കാഴ്ചവയ്ക്കുന്നത്. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുമ്ര എന്നിങ്ങനെ മികച്ച താരങ്ങൾ തന്നെ രോഹിതിന്റെ നായകത്വത്തിന് കീഴിൽ മുംബൈ ഇന്ത്യൻസിനൊപ്പമുണ്ട്.
മികച്ച താരങ്ങളെ ടിമിലെത്തിയ്ക്കാൻ എപ്പോഴും മുംബൈയുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവാറുണ്ട്. ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ടീമിലെത്തിയ്ക്കാൻ മുംബൈ വലിയ ശ്രമം തന്നെ നടത്തിയിരുന്നു എന്ന് റിപ്പോർട്ടുകൽ ഇപ്പോൾ പുറത്തുവന്നിരിയ്ക്കുകയാണ്. 2016ൽ ഡൽഹി ഡെയഡെവിൾസ് (ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽ) താരം ശ്രേയസ് ആയരെ ടീമിലെത്തിയ്ക്കാൻ മുംബൈ ശ്രമിച്ചിരുന്നതായി ദേശീയ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയ്ക്ക് വേണ്ടി രഞ്ജി ട്രോഫി അടക്കം കളിച്ച ശ്രേയസിനെ വിട്ടുകിട്ടാൻ ആരോൺ ഫിഞ്ച് ഉൾപ്പടെ മൂന്ന് താരങ്ങളെ പകരം നൽകാൻ മുംബൈ തയ്യാറായിരുന്നു. എന്നാൽ ശ്രേയസിനെ വിട്ടുനൽകാനാകില്ല എന്ന ഉറച്ച നിലപാട് ഡൽഹി സ്വീകരിച്ചതോടെയാണ് ആ ട്രാൻസ്‌ഫർ നടക്കാതെപോയത് എന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ 2018ൽ ഗൗതം ഗംഭീർ ഡൽഹിയുടെ നായകസ്ഥാനം പാതിവഴിയിൽ ഒഴിഞ്ഞതോടെ ശ്രേയസ് അയ്യരെ നായകനാക്കുകയായിരുന്നു.