ഇനിയും വൈകിക്കൂടാ...; ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം രോഹിതിന് കൈമാറണം: ഗൗതം ഗംഭീർ

വ്യാഴം, 12 നവം‌ബര്‍ 2020 (11:46 IST)
മുംബൈ ഇന്ത്യൻസിനുവേണ്ടി രോഹിത് ശർമ്മ അഞ്ചാം ഐ‌പിഎൽ കിരീടം ഉയർത്തിയതിന് പിന്നാലെ, രോഹിതിനെ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം നൽകണം എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയെ ഇന്ത്യയുടെ നിശ്ചിത ഓവർ മത്സരങ്ങളിൽ നായകനാക്കേണ്ട സമയം അതിക്രമിച്ചു എന്നും രോഹിതിനെ നായകനാക്കിയില്ലെങ്കിൽ നഷ്ടം ടീം ഇന്ത്യയ്ക്ക് മാത്രമാണെന്നും ഗംഭീർ പറയുന്നു.
 
ഈ ഐ‌പിഎലിലും ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ ആർസിബി നായകൻ വിരാട് കോഹ്‌ലിയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം സേവാഗ് രംഗത്തെത്തിയിരുന്നു. 'ഒരു ക്യാപ്റ്റന് ടീമിനോളം മീകച്ചതാവാനേ സാധിയ്ക്കു' എന്നായിരുന്നു സെവാഗിന്റെ പ്രതികരണം. സെവാഗിനുള്ള പരോക്ഷ മറുപടികൂടിയാണ് ഗംഭീറിന്റെ വാക്കുകൾ. 'രോഹിത് ഇന്ത്യന്‍ ക്യാപ്റ്റനായില്ലെങ്കിൽ നഷ്ടം രോഹിത്തിനല്ല, ഇന്ത്യന്‍ ക്രിക്കറ്റിനാണ്. ഒരു ക്യാപ്റ്റന് ടീമിനോളം നന്നാകാനേ സാധിയ്ക്കു എന്ന വാദത്തോട് ഞാനും യോജിയ്ക്കുന്നു. 
 
പക്ഷേ, ക്യാപ്റ്റന്റെ മികവ് വിലയിരുത്താനുള്ള അളവുകോല്‍ എന്താണ്? എല്ലാവര്‍ക്കും ഒരേ അളവുകോലായിരിയ്ക്കണം എന്നാണ് എനിയ്ക്ക് പറയാനുള്ളത്. രോഹിത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേത്തിച്ച നായകനാണെന്ന് മറക്കരുത്. വീരാട് കോ‌ഹ്‌ലി ഒരു മോശം ക്യാപ്റ്റനാണ് എന്ന് അതുകൊണ്ട് അര്‍ത്ഥമില്ല. മറ്റ് രാജ്യങ്ങള്‍ നടപ്പിലാക്കുന്നതുപോലെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടപ്പിലാക്കണം രോഹിത് ശര്‍മ്മക്ക് നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍സി കൈമാറി ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലി നായകനായി തുടരട്ടെ. ഗംഭീർ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍