വനിതാ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. കിരീടനേട്ടത്തിനായുള്ള പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് മത്സരം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കലാശപോരാട്ടത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി കൈവിട്ട കിരീടം സ്വന്തമാക്കാനാണ് ഇത്തവണ ഇറങ്ങിയത്. സീസണില്‍ ഉടനീളം ആധികാരികമായാണ് ഡല്‍ഹി ഫൈനല്‍ മത്സരത്തിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ 8 കളികളിലും ആറിലും വിജയിക്കാന്‍ ഡല്‍ഹിക്കായിരുന്നു.
മെഗ് ലാന്നിംഗ് നയിക്കുന്ന ഡല്‍ഹി ടീമില്‍ ഷെഫാലി വര്‍മയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണായകമാകും. ഷെഫാലിക്ക് പുറമെ ജെമീമ റോഡ്രിഗസ്, അലിസ് ക്യാപ്‌സി തുടങ്ങിയ മികച്ച നിരയും ഡല്‍ഹിക്കുണ്ട്. അതേസമയം എല്ലിസ് പെറിയുടെ ഓള്‍ റൗണ്ട് പ്രകടനവും സ്മൃതി മന്ദാന,റിച്ച ഘോഷ് എന്നീ താരങ്ങളുടെ ബാറ്റിംഗുമാകും ബാംഗ്ലൂരിന് നിര്‍ണായകമാകുക. ഇരു ടീമുകളിലും ഓരോ മലയാളി സാന്നിധ്യമുണ്ട് എന്നതും ശ്രദ്ധേയമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ മിന്നുമണിയും ബാംഗ്ലൂരില്‍ ആശ ശോഭനയുമാണ് ഫൈനലിലെ മലയാളി സാന്നിധ്യം.