ഏഷ്യാക്കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ 3 സ്പെഷ്യലിസ്റ്റ് പേസർമാരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നത്. പരിക്ക് മൂലം ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും മാറി നിൽക്കുന്ന സാഹചര്യത്തിൽ ആവേഷ് ഖാനായിരുന്നു ഇന്ത്യൻ ടീമിൽ ഇടം നേടിയത്. പരിക്ക് മൂലം ടീമിൽ നിന്നും പുറത്ത് പോയ ദീപക് ചാഹർ സ്റ്റാൻഡ് ബൈ താരമായാണ് ടീമിൽ ഇടം നേടിയത്. എന്നാൽ ഏഷ്യാക്കപ്പിനിടെ ദീപക് ചാഹറിന് പ്രധാന ടീമിൽ ഇടം കിട്ടിയേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ കരുതുന്നത്.
ഭുവനേശ്വർ കുമാർ,ആർഷദീപ് സിങ്,ആവേശ് ഖാൻ എന്നിവരാണ് ഏഷ്യാക്കപ്പിലെ ഇന്ത്യൻ പേസർമാർ. കൂട്ടത്തിൽ ആർഷദീപും ആവേശ് ഖാനും പുതുമുഖങ്ങളാണ്. റൺസ് വഴങ്ങുന്നതിൽ ആർഷദീപ് പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും ആവേശ് ഖാൻ്റെ ബൗളിങ് ഫിഗർ ആശാസ്യമല്ല. ഇത് അവസാന നിമിഷം ദീപക് ചാഹർ പ്രധാന ടീമിലേക്കെത്താനുള്ള സാധ്യതയുയർത്തുന്നു.
നിലവിലെ 3 ബൗളർമാരിൽ ഭുവനേശ്വർ കുമാർ ഒഴികെ ആർക്കും ബാറ്റിങ്ങിലും കാര്യമായി സംഭാവന നൽകാൻ കഴിയില്ല, ഭുവനേശ്വർ കുമാർ ടെസ്റ്റിൽ മികച്ച ബാറ്റിങ് പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ടി20യിൽ കാര്യമായ കാമിയോ പ്രകടനങ്ങൾ നടത്തിയിട്ടില്ല. അതേസമയം ബൗളിങ്ങിനൊപ്പം തീപ്പൊരി ബാറ്റിങ് പ്രകടനങ്ങളും നടത്താൻ ദീപക് ചാഹറിന് കഴിയും. അതിനാൽ തന്നെ പരമ്പരയ്ക്കിടയിൽ ദീപക് ചാഹർ പ്രധാനടീമിലേക്ക് എത്തുവാനാണ് സാധ്യതയേറെയും.