വാര്‍ണറിനൊപ്പം ഇനി കളിക്കില്ല, സ്‌മിത്ത് ചതിച്ചു; വെളിപ്പെടുത്തലുമായി സ്‌റ്റാര്‍ക്കടക്കമുള്ള താരങ്ങള്‍!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (20:11 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ടി വന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ടീമില്‍ കൂട്ടയടിയും.

മുന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹതാരങ്ങള്‍ രംഗത്തുവന്നു. കളിക്കിടെ പന്ത് കേട് വരുത്താനുള്ള തീരുമാനം വാർണറിന്റേത് മാത്രമായിരുന്നു. അദ്ദേഹത്തിനൊപ്പം തുടര്‍ന്നു കളിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഒരു വിഭാഗം താരങ്ങള്‍ അറിയിച്ചതായാണ് ഓസ്‌ട്രേലിയന്‍ മാധ്യമമായ ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പന്തില്‍ കൃത്യമം കാണിക്കാനുള്ള നീക്കത്തിന്റെ ആസൂത്രകന്‍ വാര്‍ണറാണ്. ഇക്കാര്യത്തില്‍ അനാവശ്യമായി തങ്ങളുടെ പേര് വലിച്ചിഴച്ചത് സ്‌മിത്താണെന്ന് മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, നഥാൻ ലിയോൺ തുടങ്ങിയ താരങ്ങൾ വ്യക്തമാക്കി.

വിവാദങ്ങളെ ചൊല്ലി വാര്‍ണറും ചില താരങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്നും വാര്‍ണറെ മാറ്റണമെന്ന ആവശ്യം താരങ്ങള്‍ക്കിടെയില്‍ ശക്തമായെന്നും ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം, സ്‌റ്റാര്‍ക്ക് അടക്കമുള്ളവരുടെ ആരോപണങ്ങളെ തള്ളി വാര്‍ണര്‍ രംഗത്തു വന്നു. ടീമിലെ ഫാസ്റ്റ് ബൗളർമാർ ഉൾപ്പെടെയുള്ള താരങ്ങളുടെ അറിവോടെയാണ് പന്തിൽ കൃത്രിമം കാണിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ടീമില്‍ ‘ശീതസമരം’ ശക്തമായതോടെ ടീമിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് വാര്‍ണര്‍ ലെഫ്റ്റ് ആയി.

സ്‌റ്റീവ് സ്‌മിത്തും വാര്‍ണറും ആജിവനാന്ത വിലക്ക് ഭീഷണി നേരിടാനൊരുങ്ങവെ പരിശീലകൻ ഡാരൻ ലേമാന് സ്ഥാനം നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അഞ്ചുവര്‍ഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനായ ലേമാനു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.

ലേമാനും ടീമിലെ മുതിര്‍ന്ന താരങ്ങളും അറിഞ്ഞാണ് പന്തില്‍ കൃത്യമം നടന്നത്. ടീമിനെ നിയന്ത്രിക്കേണ്ട ചുമതലയുള്ള പരിശീലകനാണ് ഇതിന് കൂട്ട് നിന്നത്. ഇതിനാല്‍ ലേമാനും രാജിവയ്‌ക്കണമെന്ന ആവശ്യം ഓസ്‌ട്രേലിയയില്‍ ശക്തമായി തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article