WTC Finals: ടീം പഴയത് തന്നെ പക്ഷേ കോലിയുടെ ടീമിന്റെ നിഴല്‍ മാത്രം, രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനം

വ്യാഴം, 8 ജൂണ്‍ 2023 (14:25 IST)
ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്കെതിരെ ഓസീസ് ശക്തമായ നിലയിലാണ്. വിദേശങ്ങളില്‍ തീ തുപ്പുന്ന സമീപകാലത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ യാതൊരു ദിശയുമില്ലാതെ ബൗള്‍ ചെയ്യുന്ന ബൗളിംഗ് നിരയെയാണ് ഇന്നലെ മൈതാനത്ത് കാണാനായത്. കോലിയുടെ നായകത്വത്തിന് കീഴില്‍ ബാറ്റര്‍മാരുടെ രക്തം ദാഹിക്കുന്ന ബൗളിംഗ് നിരയെ അനായാസമായാണ് ഓസീസ് അടിച്ചൊതുക്കിയത്.
 
ഒന്നാാം ദിനത്തില്‍ ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും നിലയുറപ്പിച്ചപ്പോള്‍ മത്സരത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്ന രോഹിത് ശര്‍മയുടെ ശരീരഭാഷ തോല്‍വി സമ്മതിച്ച കണക്കെയായിരുന്നുവെന്ന് ക്രിക്കറ്റ് ആരാധകര്‍ പറയുന്നു. മത്സരത്തിലെ 90 ഓവറുകളും എതിരാളികള്‍ക്ക് നരകമാകണമെന്ന് പറയുന്ന കോലിയുടെ ശൈലിയായിരുന്നു ടെസ്റ്റില്‍ ഇന്ത്യയ്ക്ക് അനുയോജ്യമെന്നും പലരും അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
 
ഇതിനിടെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഗാംഗുലിയും രവി ശാസ്ത്രിയും അടക്കമുള്ളവര്‍ രംഗത്തെത്തി. 400ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ അശ്വിനെ മാറ്റിനിര്‍ത്തിയത് തെറ്റായ സമീപനമാണെന്ന അഭിപ്രായമാണ് ഗാംഗുലിക്കുള്ളത്. അതേസമയം മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെ ഓപ്പണിംഗ് സ്‌പെല്ലിന്റെ ദൈര്‍ഘ്യമാണ് രവിശാസ്തിയെ ചൊടുപ്പിച്ചത്. രവീന്ദ്ര ജഡേജയെ ഉപയോഗിക്കുന്നതിലും രോഹിത്തിന് പാളിയതായി ശാസ്ത്രി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍