കളിക്കാതെ കിട്ടിയ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് ഇന്ത്യയുടെ കയ്യില്‍ നിന്നും കളിക്കാതെ തന്നെ വിട്ടുപോയി. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ വച്ച് തോല്‍പ്പിച്ചതോടെ ഇന്ത്യയുടെ ഒന്നാം റാങ്ക് ഓസ്‌ട്രേലിയയുടെ പക്കലെത്തുകയും ചെയ്തു.
ഐ സി സി റാങ്കിംഗില്‍ ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയ്ക്ക് 110 പോയിന്റും ഓസ്‌ട്രേലിയയ്ക്ക് 109 പോയിന്റുമായിരുന്നു. ഇന്നത്തെ വിജയത്തോടെ ഓസ്‌ട്രേലിയ ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്‌ഥാനത്തേക്ക് കുതിച്ചു.
ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് 1 മില്യണ്‍ യു എസ് ഡോളറാണ് സമ്മാനതുക. രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നാല്‍ ഇത് പകുതിയായി കുറയുകയും ചെയ്യും. മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കും 109 പോയിന്റാണ് ഉള്ളത്. പാകിസ്താന്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളാണ് നിലവില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.
ഈ വര്‍ഷം ഒരു ടെസ്റ്റ് പോലും ഇന്ത്യ കളിച്ചിട്ടില്ല. ജനുവരിയില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് തോറ്റ് പോയിന്റ് നഷ്ടം വന്നപ്പോഴായിരുന്നു ഇന്ത്യ ഒന്നാം റാങ്കിലെത്തിയത്. ഇപ്പോളും കളി തോറ്റിട്ടല്ല ഇന്ത്യയുടെ ഒന്നാം റാങ്ക് പോകുന്നത്, മറിച്ച് ഓസ്‌ട്രേലിയ ജയിച്ചത് കൊണ്ടാണെന്നതും ഒരു വ്യത്യസ്തമായ കാര്യമാണ്.