രോഹിത് നേടി, കോഹ്ലിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല; ആ 5 റെക്കോർഡുകൾ ഇങ്ങനെ

ചൊവ്വ, 27 ഓഗസ്റ്റ് 2019 (15:48 IST)
നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആ‍രാണെന്ന ചോദ്യത്തിന് സംശയമില്ലാതെ എല്ലാവരുടെയും ഉത്തരം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി എന്നാകും. കോഹ്ലിയുടെ വിമർശകർ പോലും അത് സമ്മതിക്കാറുണ്ട്. റെക്കോർഡുകളുടെയും കണക്കുകളുടെയും പട്ടികയിൽ കോഹ്ലി എപ്പോഴും മുൻ‌നിരയിൽ തന്നെ ഉണ്ടാകാറുണ്ട്. 
 
ക്രിക്കറ്റില്‍ എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകള്‍ കോലിക്കുണ്ട്. എല്ലാവരുടേയും റെക്കോർഡുകൾ തകർത്ത് സ്വന്തം പേരിലാക്കാനുള്ള കോഹ്ലിയുടെ മിടുക്ക് അപാരമാണ്. എന്നാല്‍ ഇനിയും കൈയെത്തിപ്പിടിക്കാനായിട്ടില്ലാത്ത ഒരുപിടി റെക്കോര്‍ഡുകള്‍ താരത്തിനു മുന്നിലുണ്ട്. എല്ലാ തരത്തിലും മുൻപന്തിയിലുള്ള കോഹ്ലിക്ക് കൈയ്യെത്തി പിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ചില റെക്കോർഡുകൾ നോക്കാം. 
 
കോഹ്ലിക്ക് നേടാൻ കഴിയാത്തതും ഇതിനോടകം ഉപനായകൻ രോഹിത് ശർമ നേടിയെടുത്തതുമായ അഞ്ച് റെക്കോർഡുകൾ ഏതെല്ലാമാണെന്ന് നോക്കാം. 
 
ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിയെന്ന റെക്കൊർഡ് നേടാൻ കോഹ്ലിക്കായിട്ടില്ല. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി അപൂർവ്വമായ കാര്യമാണ്. എന്നാൽ, മൂന്ന് ഇരട്ട സെഞ്ചുറികളാണ് ഹിറ്റ്മാൻ രോഹിത്ത് സ്വന്തം പേരിൽ ചേര്‍ത്തിരിക്കുന്നത്. എന്നാൽ, പേരിനു പോലും കോഹ്ലിക്കൊരു ഇരട്ടസെഞ്ച്വറിയില്ല. പാകിസ്താനെതിരെ നേടിയ 183 റണ്‍സാണ് കോലിയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍. ക്രീസിൽ രോഹിത്തിനെ പോലെ ആക്രമിച്ച് കളിക്കുന്ന താരമല്ല കോഹ്ലി. കൂടെ കളിക്കുന്നയാൾക്കും പെർഫോം ചെയ്യാനുള്ള അവസരം ഒരുക്കുന്ന ‘നായകൻ’ കൂടെയാണ് കോഹ്ലി. എന്നാൽ, രോഹിത്താകട്ടെ 502 കടന്ന് കഴിഞ്ഞാൽ പിന്നെ അടിയോടടി ആയിരിക്കും. സെഞ്ച്വറിയും ഡബിൾ സെഞ്ച്വറിയും താരത്തിനു വലിയ കാര്യമല്ല. 
 
ഐ പി എൽ കിരീടമാണ് രണ്ടാമത്തേത്. ഒരു കിരീടം പോലും ഇതുവരെ നേടാൻ കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായിട്ടില്ല. മുംബൈ ഇന്ത്യൻസിന്റെ നായകനായി രോഹിതും ബംഗളൂരുവിന്റെ നായകനായി കോഹ്ലിയും ഒരേ സമയമാണ് തൊപ്പിയണിഞ്ഞത്. നിലവിൽ രോഹിതിന്റെ ടീമിനു 4 കപ്പാണുള്ളത്. രോഹിതിന്റെ ഈ റെക്കോർഡ് കോഹ്ലിക്ക് ഇനി എത്ര വർഷം എടുത്താലാണ് തകർക്കാനാവുക എന്ന് കണ്ടറിയണം.  
 
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി കടക്കാൻ മാത്രമേ വിരാടിനു ബുദ്ധിമുട്ടുള്ളു, സെഞ്ച്വറിയുടെ കാര്യത്തിൽ 43 തവണയാണ് കോഹ്ലി കഴിവ് തെളിയിച്ചിരിക്കുന്നത്. എന്നാൽ, ലോകകപ്പിൽ കളിക്കുമ്പോൾ ചിത്രം മാറും. കഴിഞ്ഞ മൂന്നു ലോകകപ്പില്‍ നിന്നായി ആകെ രണ്ടു സെഞ്ചുറികള്‍ മാത്രമാണ് കോലിയുടെ സമ്പാദ്യം. അതേസമയം, ഹിറ്റ്മാന്റെ കാര്യമെടുത്താൽ 2019ലെ ലോകകപ്പിൽ മാത്രം 5 സെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്. പങ്കെടുത്ത രണ്ടു ലോകകപ്പുകളില്‍ നിന്നായി ആറു സെഞ്ചുറികളാണ് രോഹിത് ശര്‍മ്മ കണ്ടെത്തിയിരിക്കുന്നത്.  
 
ഏകദിനത്തിൽ പുലിയാകുന്ന രോഹിത് ടെസ്റ്റ് മത്സരത്തിലേക്ക് വരുമ്പോൽ എലിയായി മാറുന്നുവെന്ന ഒരു ആക്ഷേപം ഉയർന്നിട്ടുണ്ട്. ടെസ്റ്റിൽ സ്ഥിരതയില്ലാത്ത താരമാണ് രോഹിത്. 2013 -ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു രോഹിതിന്റെ അരങ്ങേറ്റം. 117 റണ്‍സ് കുറിച്ചാണ് രോഹിത് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. 2011 -ലായിരുന്നു വിരാട് കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സുമായിരുന്നു താരത്തിന്റെ സമ്പാദ്യം.  
 
ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സുകള്‍ അടിച്ചെടുത്തതും രോഹിത് തന്നെയാണ്. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ച താരവും രോഹിതുതന്നെ. ഒരു മത്സരത്തില്‍ മാത്രം ഏറ്റവും കൂടുതല്‍ സിക്‌സ് കണ്ടെത്തിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഹിറ്റ്മാനുണ്ട്. 2013 -ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് 16 സിക്‌സുകളാണ് കംഗാരുകള്‍ക്കെതിരെ രോഹിത് നേടിയത്. എന്നാൽ, സിക്‌സുകളോട് വലിയ താൽപ്പര്യമില്ലാത്ത താരമാണ് കോഹ്ലി. പന്തുകൾ ബൌണ്ടറി കടത്തുക എന്നതാണ് വിരാടിന്റെ പ്രധാന ലക്ഷ്യം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍