ലോക ക്രിക്കറ്റിനെ അടക്കിഭരിക്കണോ? എങ്കിൽ കോഹ്ലിയെ കണ്ട് പഠിക്കൂ- പാകിസ്ഥാനോട് മുൻ താരം

വ്യാഴം, 22 ഓഗസ്റ്റ് 2019 (11:18 IST)
ലോക ക്രിക്കറ്റിനെ അടക്കി ഭരിക്കുന്ന ശക്തികളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ഈ മാറ്റം വളരെ പെട്ടന്നായിരുന്നു. ഭയമെന്തെന്നറിയാതെ കുതിക്കുന്ന ഇന്ത്യയെ കണ്ട് പഠിക്കാൻ പാകിസ്ഥാൻ ശ്രമിക്കണമെന്ന് മുന്‍ താരം റമീസ് രാജ. 
 
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം ഐസിസിയില്‍ നിര്‍ണായക റോളുള്ള ശക്തിയാണ് ബിസിസിഐ. അവര്‍ക്കൊപ്പമെത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് (പിസിബി) ഇനിയുമേറെ ദൂരം പോവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ഇത്രയും വലിയ ശക്തികളായി മാറാനുള്ള കാരണം കളിക്കളത്തിലെ ആക്രമണോത്സുക ശൈലിയാണെന്ന് ചൂണ്ടിക്കാട്ടിയ രാജ പാകിസ്താനും ഇതേ വഴി സ്വീകരിച്ചാല്‍ മാത്രമേ രക്ഷയുള്ളവെന്നും അഭിപ്രായപ്പെട്ടു.
 
ബിസിസിഐയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പാക് ക്രിക്കറ്റിനെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ പിസിബിയും ശ്രമിക്കണം. ക്രിക്കറ്റിന്റെ രീതി തന്നെ മാറി. പഴയ രീതിയിൽ തന്നെ കളി തുടർന്നാൽ എവിടെയും എത്തില്ല. ഇന്ത്യ ആ പഴയ രീതി അവസാനിപ്പിച്ചിട്ട് നാളുകൾ ഏറെയായി. ടീമുകള്‍ കളിക്കളത്തില്‍ കൂടുതല്‍ ആക്രമണോത്സുകതയോടെയാണ് കളിക്കുന്നത്. പാകിസ്താനും ഇതേ രീതി പിന്തുടരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
 
ക്യാപ്റ്റന്‍ വിരാട് കോലിയെയും സംഘത്തെയും കണ്ടു പഠിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ശ്രമിക്കണമെന്ന് രാജ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ ആകെ മാറ്റിയിരിക്കുകയാണ് കോലിയും സംഘവും. പുതിയൊരു ശൈലിയാണ് ഇപ്പോഴത്തെ ടീമിന്റേത്. ഏത് സാഹചര്യത്തിലും പതറാതെ, ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്ന രീതിയാണ് ഇന്ത്യയുടേത്. അതുതന്നെയാണ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കുന്നതും.
 
അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ശക്തരായ എതിരാളികളുമായി ഏറ്റുമുട്ടുമ്പോള്‍ പാകിസ്താന്‍ ഇപ്പോഴും പതറുകയാണ്. ഈ സമീപനത്തില്‍ മാറ്റം വരേണ്ട സമയം അതിക്രമിച്ചതായും രാജ പറഞ്ഞു. പാക് ടീം ഇപ്പോഴും 1970കളില്‍ തന്നെ നില്‍ക്കുന്നതു പോലെയാണ് തോന്നുന്നതെന്നും രാജ വിശദമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍