19 റൺസിന് 6 വിക്കറ്റ്: ബുമ്ര പഴങ്കതയാക്കിയത് കുൽദീപിൻ്റെ റെക്കോർഡ് പ്രകടനം

Webdunia
ബുധന്‍, 13 ജൂലൈ 2022 (13:30 IST)
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് ദിവസങ്ങൾ മുൻപ് ഇന്ത്യക്കെതിരെ ഒരു ദാക്ഷിണ്യവും ഉണ്ടാകില്ലെന്നാണ് ഇംഗ്ലണ്ടിൻ്റെ ലിമിറ്റഡ് ടീം നായകനായ ജോസ് ബട്ട്‌ലർ വ്യക്തമാക്കിയത്. എന്നാൽ ടി20 സീരീസിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച ശേഷം ആദ്യ ഏകദിന മത്സരത്തിലും ഇംഗ്ലണ്ടിനെ അടിയറവ് പറയിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ജസ്പ്രീത് ബുമ്രയായിരുന്നു ആദ്യ ഏകദിനത്തിൽ പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞത്.
 
ഇംഗ്ലീഷ് മണ്ണിൽ ഏകദിനത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പേസർ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 7.2 ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയായിരുന്നു ബുമ്രയുടെ ആറ് വിക്കറ്റ് നേട്ടം. ഇംഗ്ലണ്ടിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗറാണിത്. 25 റൺസ് വഴങ്ങി 6 വിക്കറ്റ് ഇംഗ്ലണ്ടിൽ സ്വന്തമാക്കിയ സ്പിന്നർ കുൽദീപ് യാദവിൻ്റെ റെക്കോർഡാണ് ബുമ്ര മറികടന്നത്.
 
മത്സരത്തിലെ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിൻ്റെ രണ്ട് വിക്കറ്റ് നേടികൊണ്ടാണ് ബുമ്ര തൻ്റെ സംഹാരത്തിന് തുടക്കം കുറിച്ചത്. ജേസൺ റോയിയേയും ജോ റൂട്ടിനെയും ആദ്യം തന്നെ പറഞ്ഞുവിട്ട് ബുമ്ര പിന്നാലെ അപകടകാരിയായ ബെയർസ്റ്റോയേയും ലിവിങ്സ്റ്റണിനേയും കൂടാരം കയറ്റി. വാലറ്റത്തെയും കൂടി ചുരുട്ടിക്കെട്ടിയാണ് ബുമ്ര ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article