ബൗളർമാരില്ലായിരുന്നെങ്കിൽ കാണാമായിരുന്നു, കോലിയ്ക്ക് പ്ലെയർ ഓഫ് ദ മാച്ച് നൽകരുതായിരുന്നുവെന്ന് മഞ്ജരേക്കർ

അഭിറാം മനോഹർ
തിങ്കള്‍, 1 ജൂലൈ 2024 (19:16 IST)
ടി20 ലോകകപ്പ് വിജയിച്ചെങ്കിലും ഫൈനല്‍ മത്സരത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഇന്ത്യയുടെ കിരീടനേട്ടം ആഘോഷമാകുമ്പോള്‍ മത്സരത്തില്‍ സൂര്യകുമാര്‍ സ്വന്തമാക്കിയ ക്യാച്ചിനെ സംബന്ധിച്ചും മറ്റുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആവേശകരമായ ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന ഓവറില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ വിരാട് കോലിയെയായിരുന്നു മത്സരത്തിലെ താരമായി തിരെഞ്ഞെടുത്തത്. എന്നാല്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
 
മത്സരത്തില്‍ 6 വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 30 പന്തില്‍ 30 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത്. ഹെന്റിച്ച് ക്ലാസന്‍,ഡേവിഡ് മില്ലര്‍ എന്നിവര്‍ ക്രീസിലുള്ളതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയസാധ്യത അധികവും. എന്നാല്‍ ഈ സമയത്ത് ജസ്പ്രീത് ബുമ്ര,അര്‍ഷദീപ് സിംഗ്,ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കെതിരെ പന്തെറിഞ്ഞത്. ഇന്ത്യന്‍ വിജയത്തില്‍ ഈ ഫൈനല്‍ ഓവറുകള്‍ ഏറെ നിര്‍ണായകമായിരുന്നെങ്കിലും ടീം വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സില്‍ 76 റണ്‍സുമായി തിളങ്ങിയ വിരാട് കോലിയെയാണ് പ്ലെയര്‍ ഓഫ് ദ മാച്ചായി തിരെഞ്ഞെടുത്തത്.
 
 കോലി 59 പന്തില്‍ 76 റണ്‍സുമായി ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചെങ്കിലും പേസ് ബൗളര്‍മാര്‍ രക്ഷയ്‌ക്കെത്തിയില്ലായിരുന്നുവെങ്കില്‍ ആ ഇന്നിങ്ങ്‌സ് പാഴായി പോകുമായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറയുന്നു. കോലി ആ ഇന്നിങ്ങ്‌സ് കളിച്ചത് കൊണ്ട് ഇന്ത്യയുടെ മികച്ച ഫിനിഷറായ ഹാര്‍ദ്ദിക്കിന് 2 പന്തുകളാണ് ബാറ്റ് ചെയ്യാന്‍ ലഭിച്ചത്. കോലി നല്ല രീതിയില്‍ കളിച്ചു. പക്ഷേ ബൗളര്‍മാര്‍ക്ക് മേല്‍ കുറച്ചുകൂടി ആധിപത്യത്തോടെ കളിക്കാമായിരുന്നു. 90 ശതമാനവും ഇന്ത്യ പരാജയപ്പെട്ട നിലയില്‍ നിന്നും മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ബൗളര്‍മാരുടെ പ്രകടനമാണ്. കോലി 128 സ്‌ട്രൈക്ക് റേറ്റിലാണ് പകുതി ഇന്നിങ്ങ്‌സും കളിച്ചത്. ഇന്ത്യയെ വിജയിപ്പിച്ചത് ബൗളര്‍മാരാണ്, തീര്‍ച്ചയായും ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരാള്‍ക്ക് ആ പുരസ്‌കാരം നല്‍കണമാായിരുന്നു. മഞ്ജരേക്കര്‍ പറഞ്ഞു.
 
 നേരത്തെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റില്‍ രോഹിത് ശര്‍മ, അജിത് അഗാര്‍കര്‍,രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരുകള്‍ക്കൊപ്പം സഞ്ജയ് മഞ്ജരേക്കര്‍ കോലിയുടെ പേര് പരാമര്‍ശിക്കാതിരുന്നതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ വന്നിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article