വിന്‍ഡീസിനെതിരായ ടെസ്‌റ്റ്; തിരിച്ചടിയും ആശങ്കയുമുണര്‍ത്തി കോഹ്‌ലിയുടെ പരുക്ക്

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (14:04 IST)
ഈ മാസം 22നാണ് വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്‌റ്റ് പരമ്പര ആരംഭിക്കുന്നത്. ട്വന്റി-20 - ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ടീം ഇന്ത്യ ടെസ്‌റ്റിലും വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഏകദിന മത്സരങ്ങള്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി നേട്ടങ്ങളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

എന്നാല്‍, ടെസ്‌റ്റ് പരമ്പരയില്‍ ആദ്യ  മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്കയാകുന്നത് കോഹ്‌ലിയുടെ പരുക്കാണ്.
ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് കൊണ്ട് വലതുകൈയിലെ തള്ളവിരലിലെ നഖത്തിന്റെ ഒരു ഭാഗം ഇളകി പോകുകയായിരുന്നു.

ഇതോടെയാണ് കോഹ്‌ലി ആദ്യ ടെസ്‌റ്റില്‍ കളിക്കുമോ എന്ന സംശയം ആരാധകരില്‍ ശക്തമായത്. പരുക്ക് ഗുരുതരമല്ലെന്നും വിരലിന് പൊട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നും ക്യാപ്‌റ്റന്‍ വ്യക്തമാക്കി. ആദ്യ ടെസ്‌റ്റില്‍ കളിക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ആഷസിലെ ആദ്യ ടെസ്‌റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവ് സ്‌മിത്ത്
ടെസ്‌റ്റ് റാങ്കിംഗില്‍ വമ്പന്‍ കുതിപ്പ് നടത്തുകയാണ്.

ഒന്നാമത് നില്‍ക്കുന്ന കോഹ്‌ലിയുമായി പോയിന്റ് നിലയില്‍ ചെറിയ വ്യത്യാസം മാത്രമാണ് സ്‌മിത്തിനുള്ളത്. ഈ സാഹചര്യത്തില്‍ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കണമെങ്കില്‍ വിന്‍ഡീസിനെതിരായ എല്ലാ ടെസ്‌റ്റ് മത്സരങ്ങളും കളിക്കുകയും മികച്ച സ്‌കോറുകള്‍ കോഹ്‌ലി കണ്ടെത്തുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

Next Article