നാലാം ടെസ്റ്റിലും സ്മിത്ത് തന്നെ നായകൻ, ഇന്ത്യയ്ക്ക് ഭയക്കാൻ കാരണങ്ങളേറെ

ചൊവ്വ, 7 മാര്‍ച്ച് 2023 (17:12 IST)
ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച് പരമ്പര നിലനിർത്താനായെങ്കിലും മൂന്നാം ടെസ്റ്റിൽ ഇൻഡോറിലേറ്റ തോൽവി കനത്ത ആഘാതമാണ് ഇന്ത്യയ്ക്കേൽപ്പിച്ചത്. ആദ്യ ദിനം തന്നെ സ്പിന്നർമാർക്ക് മികച്ച പിന്തുണ ലഭിച്ച പിച്ചിൽ ഓസീസ് ഇന്ത്യയെ തീർത്തും നിഷ്പ്രഭരാക്കുകയായിരുന്നു. അഹമ്മദാബാദിലെ നാലാം ടെസ്റ്റ് മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാനാകു എന്ന അവസ്ഥയിൽ നാലാം ടെസ്റ്റ് മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
 
കമ്മിൻസിൻ്റെ അഭാവത്തിൽ നാലാം ടെസ്റ്റിലും ഓസീസിനെ നയിക്കുക സ്റ്റീവ് സ്മിത്ത് തന്നെയായിരിക്കും. ഇന്ത്യയിൽ എങ്ങനെ കളിക്കാം എന്നതിനെ പറ്റി വ്യക്തമായ ധാരണയുള്ള താരമാണ് സ്റ്റീവ് സ്മിത്ത് എന്നത് ഇന്ത്യയുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ഒന്നാണ്. നായകനെന്ന നിലയിൽ മികച്ച തീരുമാനങ്ങളാണ് കഴിഞ്ഞ ടെസ്റ്റിൽ സ്മിത്ത് കൈകൊണ്ടത്. സ്പിൻ പിച്ചൊരുക്കിയാലും സ്പിന്നർമാരെ ഫലപ്രദമായി ഉപയോഗിക്കാൻ സ്മിത്തിന് സാധിക്കുമെന്നതിനാൽ ഇന്ത്യൻ ബാറ്റർമാർക്ക് അഹമ്മദാബാദിൽ കാര്യങ്ങൾ എളുപ്പമാകില്ല.
 
ഏറെ കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായതിനാൽ തന്നെ ഇന്ത്യയുടെ സീനിയർ താരങ്ങളെ പറ്റി സ്മിത്തിന് കൃത്യമായ ധാരണയുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ഈ അനുഭവസമ്പത്ത് സ്മിത്തിനെ തുണയ്ക്കും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ സ്പിൻ ബൗളർമാരെ ഫലപ്രദമായി നേരിടാൻ ഓസീസ് ബാറ്റർമാർക്ക് സാധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ മത്സരത്തിൽ വിജയിക്കാൻ സാധിച്ചു എന്നതും ഓസീസിൻ്റെ ആത്മവിശ്വാസം കൂട്ടുന്ന ഘടകങ്ങളാണ്. ഇതെല്ലാം തന്നെ അഹമ്മദാബാദിൽ ഓസീസിനെ കൂടുതൽ അപകടകാരികളാക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍