അവസാന നിമിഷം ബിസിസിഐ കാലുമാറി, പഠാന് ഹോങ്കോങ് ലീഗില്‍ കളിക്കാനാകില്ല

വ്യാഴം, 16 ഫെബ്രുവരി 2017 (10:23 IST)
വിദേശ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന ബഹുമതി സ്വന്തമാക്കാൻ തയ്യാറായ യൂസുഫ് പഠാന് തിരിച്ചടി. ഹോങ്കോങ് ലീഗില്‍ കളിക്കാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകളും നടത്തി യാത്രക്കായി കാത്തിരുന്ന പഠാനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാർത്തയാണ്. ഹോങ്കോങ്ങിലേക്ക് പോകാനുള്ള അനുമതി ബി സി സി ഐ റദ്ദാക്കി.
 
നേരത്തെ നല്‍കിയ അനുമതി ഒരു മുന്നറിയിപ്പുമില്ലാതെ ബി സി സി ഐ പിന്‍വലിക്കുകയാണുണ്ടായത്. ഇതോടെ ക്രിക്കറ്റ് ലോകത്തിന്റെ വലിയൊരു പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റിരിക്കുന്നത്. ഹോങ്കോങ് ലീഗില്‍ കളിക്കാന്‍ ബിസിസിഐയും ബറോഡ ക്രിക്കറ്റ് അസോസിയേഷനും തനിക്ക് അനുമതി നല്‍കിയതായി കഴിഞ്ഞ ദിവസം പഠാന്‍ അറിയിച്ചിരുന്നു.
 
എന്നാൽ, എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞതിനു ശേഷമുള്ള ബിസിസിഐ യുടെ ഈ തീരുമാനത്തിന്റെ പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. യൂസുഫ് പഠാന് പിന്നാലെ മറ്റു കളിക്കാരും വിദേശ ലീഗില്‍ കളിക്കാന്‍ അനുമതി ചോദിച്ച് എത്തിയതോടെയാണ് പഠാന്റെ അനുമതി പിന്‍വലിച്ചതെന്നാണ് ബി സി സി ഐയുടെ വിശദീകരണം.

വെബ്ദുനിയ വായിക്കുക