രഞ്ജി കളിക്കാതെ മുങ്ങി നടക്കാനാവില്ല, താരങ്ങൾക്ക് താക്കീതുമായി ബിസിസിഐ

അഭിറാം മനോഹർ
ചൊവ്വ, 13 ഫെബ്രുവരി 2024 (18:24 IST)
ആഭ്യന്തര ക്രിക്കറ്റായ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറാകാതെ ഐപിഎല്ലിനൊരുങ്ങുന്ന താരങ്ങള്‍ക്ക് താക്കീത് നല്‍കാന്‍ ബിസിസിഐ. ഇന്ത്യന്‍ താരമായ ഇഷാന്‍ കിഷനടക്കമുള്ള താരങ്ങള്‍ രഞ്ജി ട്രോഫി ഒഴിവാക്കി ഐപിഎല്‍ മത്സരങ്ങളുടെ പരിശീലനത്തിനായി ഇപ്പോള്‍ തന്നെ സമയം ചെലവിടുന്നതിലാണ് ബിസിസിഐ അതൃപ്തി പരസ്യമാക്കിയത്.
 
താരങ്ങളോട് ഇമെയില്‍ വഴിയാണ് ബിസിസിഐ ബന്ധപ്പെട്ടത്. ദേശീയ ടീമിനായി കളിക്കുന്നവര്‍ക്കും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിലവിലുള്ള താരങ്ങള്‍ക്കും ഒഴികെ എല്ലാവര്‍ക്കും തന്നെ തീരുമാനം ബാധകമായിരിക്കും. രഞ്ജി ട്രോഫിയില്‍ നിന്നും മാറി നില്‍ക്കുന്ന താരങ്ങള്‍ അടുത്ത റൗണ്ട് മത്സരങ്ങളില്‍ രഞ്ജിയില്‍ കളിക്കണം. ഇതോടെ കിരണ്‍ മോറെ അക്കാദമിയില്‍ തുടരുന്ന ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍ തുടങ്ങിയ താരങ്ങള്‍ക്കും രഞ്ജി മത്സരങ്ങള്‍ കളിക്കേണ്ടതായി വരും. ദേശീയ ടീമില്‍ നിന്നും മോശം പ്രകടനത്തിന്റെ പേരില്‍ പുറത്തായ ശ്രേയസ് അയ്യരിനും തീരുമാനം ബാധകമാകും.
 
ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലായി ഐപിഎല്ലിനെ കാണരുതെന്നും ആഭ്യന്തര ക്രിക്കറ്റും അതുപോലെ പ്രാധാന്യമുള്ളതാണെന്നുമാണ് തീരുമാനത്തിലൂടെ ബിസിസിഐ വ്യക്തമാക്കുന്നത്. നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും മാറിനിന്ന ഇഷാന്‍ കിഷന്‍ രഞ്ജി മത്സരങ്ങള്‍ കളിക്കാതെ വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. ഇതോടെയാണ് രഞ്ജിയില്‍ നിന്നും വിട്ടുനിന്ന് കൊണ്ട് ഐപിഎല്ലിനായി പരിശീലിക്കുന്ന താരങ്ങളോട് ബിസിസിഐ രഞ്ജി കളിക്കണമെന്ന നിബന്ധന കര്‍ശനമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article